വടക്കാഞ്ചേരി: നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കര കൂലായി വളപ്പിൽ ചന്ദ്രന്റെ മകൻ വിഷ്ണുവാണ് (29) മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 12.40 ഓടെ വാഴക്കോട് വച്ചായിരുന്നു അപകടം. മുളങ്കുന്നത്തുകാവ് ഗോഡൗണിൽ നിന്നും അരി കയറ്റിവന്നിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വിഷ്ണു ഓടിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്. വിഷ്ണുവിന്റെ ടിപ്പർ വർക്ക് ഷോപ്പിൽ കയറ്റിയ ശേഷം ചില സാധനങ്ങൾ വാങ്ങാൻ വടക്കാഞ്ചേരിയിലേക്ക് ബൈക്കിൽ വരികയായിരുന്നു. എതിരെ അരി കയറ്റിവന്ന പട്ടാമ്പി മരുതയൂർക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറിയുടെ ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി സുമേഷിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ അമ്മ: വിജയകുമാരി. സഹോദരങ്ങൾ: വിശാഖൻ, വിനീഷ്.