ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടിയിലുള്ള കുട്ടാടൻചിറയുടെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. മോട്ടോർ സ്ഥാപിച്ച് കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രവൃത്തികൾ അധികം വൈകാതെ നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒരു കാലത്ത് ജലസമൃദ്ധമായിരുന്നു കുട്ടാടൻചിറ.
ട്രാംവേ നിലവിലുണ്ടായിരുന്ന കാലത്ത് ചിറയിൽ നിന്നാണ് ട്രെയിനിന് ആവശ്യമായ വെള്ളം ശേഖരിച്ചിരുന്നത്. പിൻകാലത്ത് ചിറ സംരക്ഷിക്കാതെയായി. മണ്ണും മാലിന്യവും അടിഞ്ഞുകൂടി ചിറ നാശത്തിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിലാണ് ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കോടശ്ശേരി പഞ്ചായത്ത് തുടക്കമിട്ടത്.
സംരക്ഷണത്തിന്റെ ഭാഗമായി ചെളി അടക്കമുള്ള മാലിന്യം ചിറയിൽ നിന്നു നീക്കി. ഇടിഞ്ഞ് പോയ വശങ്ങൾ കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മാലിന്യം നീക്കം ചെയ്തതോടെ അടഞ്ഞുപോയ ഉറവകളിലൂടെ വെള്ളമെത്തി ചിറ നിറഞ്ഞു. വെള്ളം ശുചീകരിക്കാനായി മോട്ടോർ ഷെഡിന് സമീപം ഫിൽറ്ററും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ മോട്ടോർ സ്ഥാപിച്ച് കുടിവെള്ള പദ്ധതി പുനരാരംഭിക്കുകയാണ് ലക്ഷ്യം.
നായരങ്ങാടിയിലെയും പരിസരത്തെയും നാൽപ്പതോളം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കന്നത്. പൊതുവേ ജലക്ഷാമമുള്ള പ്രദേശമാണ് കോടശ്ശേരി. വേനൽക്കാലത്ത് കനത്ത വരൾച്ചയുമുണ്ടാകും. ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് പ്രദേശത്തെ കുടിവെള്ളക്ഷാമം മറികടക്കുന്നത്. വേനലാകുന്നതോടെ സ്വാഭാവിക കുളങ്ങളും കിണറുകളും വറ്റിവരളും. ഈ സാഹചര്യത്തിലാണ് കുട്ടാടൻചിറ പുനരുദ്ധീകരിച്ച് പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്.