കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലത്തിനായി കണ്ടെത്തിയിട്ടുള്ള ഫിഷറീസ് വകുപ്പിന് കീഴിലുള്ള 50 സെന്റ് ഭൂമി എത്രയും വേഗം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ച് പാലം നിർമ്മാണത്തിന് തുടക്കം കുറിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഴീക്കോട് മുനമ്പം പാലം സമരസമിതി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 14 കോടിയോളം രൂപക്ക് കിഫ്ബി സാമ്പത്തികാനുമതി നൽകിയിട്ടും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ഉണ്ടാകുന്നില്ലെന്നും സമരസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനും ഫിഷറീസ് വകുപ്പിൻ്റെ ഭൂമി വിട്ടുകിട്ടുവാനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം കൊടുങ്ങല്ലൂരിൽ വിളിച്ച് ചേർക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. അഡ്വ. ഷാനവാസ് കാട്ടകത്ത്, പി.ജെ. ഫ്രാൻസിസ്, സുധാസ് തായാട്ട്, കെ.എം. മുഹമ്മദുണ്ണി, പി.എ. സീതി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.