തൃശൂർ : ഇരകളെ പ്രതികളാക്കി പീഡനക്കാരായ പാർട്ടി നേതാക്കളെ വെള്ളപൂശി വീണ്ടും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന റിക്രൂട്ട്‌മെന്റ് റാലിയാണ് സി.പി.എം നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. ഷൊർണൂർ എം.എൽ.എ ശശിയെ നേതൃത്വത്തിലേക്ക് കൊണ്ടു വന്നതിന്റെ പിന്നാലെയാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ജയന്തന് പൊലീസിനെ കൊണ്ട് ക്ലീൻചിറ്റ് നൽകിയത്. പീഡന പരാതി വ്യാജമെന്ന വിചിത്ര ന്യായമാണ് പൊലീസ് കണ്ടെത്തിയത്. ജയന്തനെ നല്ല പിള്ളയാക്കിയ പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലാണെന്ന് സംശയിക്കേണ്ടിയിരുന്നു. പീഡന പരാതി തള്ളിയാലും സാമ്പത്തിക തട്ടിപ്പും ഇരയുടെ ഭർത്താവിനെ മർദ്ദിച്ച സംഭവത്തിലും പൊലീസ് കേസെടുക്കാതിരുന്നത് എന്തു കൊണ്ടാണെന്നും നാഗേഷ് ചോദിച്ചു. വനിതാ സി.ഐ നൽകിയ റിപ്പോർട്ട് സ്വന്തം യൂ ണിഫോമിനോട് നീതി പുലർത്തുന്നതല്ലെന്നും നാഗേഷ് കുറ്റപ്പെടുത്തി. വരടിയത്ത് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വ്യാജരേഖ ചമച്ച് ലക്ഷങ്ങളാണ് തട്ടിയത്. ഈ കേസും അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ നടത്തുന്നതെന്നും നാഗേഷ് പറഞ്ഞു.