കൊടുങ്ങല്ലൂർ: മതിലകം സെന്റ് മേരീസ് എൽ.പി സ്കൂളിൽ ഉച്ചഭക്ഷണത്തിനായി കൊണ്ടുവന്ന അരിയിൽ കീടനാശിനി കണ്ടെത്തിയ സംഭവത്തിൽ മതിലകം പൊലീസ് കേസെടുത്തു. മനുഷ്യന് ജീവഹാനി ഉണ്ടാക്കുന്ന തരത്തിൽ വിഷവസ്തു ഉപേക്ഷിച്ചു എന്നതാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 284 വകുപ്പ് പ്രകാരമാണ് കേസ്. അരിയിൽ നിന്ന് കണ്ടെടുത്ത കീടനാശിനിയുടെ ബോട്ടിൽ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.ഐ മിഥുൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗവും, സപ്ലൈകോ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരിയിൽ കീടനാശിനി കണ്ടെത്തിയ സംഭവത്തിൽ രക്ഷിതാക്കളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് സ്കൂളിൽ ചേർന്ന പി.ടി.എ യോഗം ആവശ്യപ്പെട്ടു.