തൃശൂർ : ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കോർപറേഷന്റെ കീഴിൽ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ തൃശൂരിനെയും ഉൾപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ ഉറപ്പു നൽകിയതായി ടി.എൻ പ്രതാപൻ എം.പി അറിയിച്ചു. തിരുവനന്തപുരത്ത് റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് സതേൺ റെയിൽവേയുടെ കീഴിൽ വരുന്ന കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എം.പിമാരുടെ യോഗത്തിലാണ് ജനറൽ മാനേജർ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ പ്ലാറ്റ് ഫോമുകളിലും മേൽക്കൂര സ്ഥാപിക്കും. പ്ലാറ്റ്‌ഫോം നടപ്പാതകളിൽ തറയോട് വിരിച്ച് മനോഹരമാക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ കുന്നംകുളത്തിന് തെക്കോട്ടുള്ള ഭാഗത്തെ സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ ഗുരുവായൂർ തിരുനാവായ പാതയുടെ പ്രാരംഭ പ്രവർത്തനം മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്ന് ജനറൽ മാനേജർ അറിയിച്ചു. പൂങ്കുന്നം, ഒല്ലൂർ, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ മേൽക്കൂരയും ഇരിപ്പിടവും വിളക്കുകാലുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും. ഗുരുവായൂർ മേൽപ്പാതയ്ക്ക് സംസ്ഥാന സർക്കാറിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ റെയിൽവേ ബോർഡിന്റെ നടപടികൾ ആരംഭിക്കും. ഇരിങ്ങാലക്കുടയിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോം ഉയർത്തുന്നത് 2020 ൽ പൂർത്തിയാക്കും.


നിലവിൽ സ്റ്റോപ്പില്ലാത്തതും ഏറെ യാത്രക്കാർ ആശ്രയിക്കുന്നതുമായ പാലരുവി എക്‌സപ്രസിന് ഇരിങ്ങാലക്കുട, പൂങ്കുന്നം സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേ ബോർഡിന്റെ അനുമതി തേടിയിട്ടുണ്ടെന്നും പ്രതാപൻ അറിയിച്ചു. എറണാകുളത്ത് നിന്നും രാമേശ്വരത്തേക്ക് ഒരു ദ്വൈവാര തീവണ്ടി ഓടിക്കുന്നതിനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാലുടൻ ഈ വണ്ടി ഓടിത്തുടങ്ങും. അതേ സമയം ഈ റൂട്ടിൽ പ്രതിവാര സ്‌പെഷൽ ട്രെയിൻ ഒക്ടോബറിൽ ഓടിത്തുടങ്ങും.