കൊടുങ്ങല്ലൂർ: നഗരസഭയെ വെളിയിട വിസർജ്ജന വിമുക്ത നഗരമാക്കി നിലനിറുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്തെ മലമൂത്രവിസർജ്ജനം നിയന്ത്രിക്കുന്നതിന് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൊടുങ്ങല്ലൂർ 2018 ഏപ്രിൽ 7 മുതൽ കേന്ദ്ര സർക്കാരിന്റെ വെളിയിട വിസർജ്ജന വിമുക്ത നഗര പദ്ധതിയിൽപ്പെട്ടിട്ടുള്ള (ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ - ഒ.ഡി.എഫ്) നഗരമാണ്.
ഇതിന്റെ ഭാഗമായി 670 വ്യക്തിഗത കക്കൂസുകൾ നഗരസഭ നിർമ്മിച്ചു നൽകി. കിഴക്കേ നടയിൽ നഗരസഭ കാര്യാലയത്തിനു സമീപം, ചന്തപ്പുര, തിരുവഞ്ചിക്കുളം ക്ഷേത്രത്തിനു സമീപം, മേത്തല പിഎച്ച്സി കോമ്പൗണ്ട്, ആനാപ്പുഴ ആയുർവേദ ആശുപ്രതി കോമ്പൗണ്ട്, ചേരമാൻ മസ്ജിദിന് സമീപം, കോട്ടപ്പുറം മാർക്കറ്റ് എന്നിവിടങ്ങളിലായി 20 പൊതുകക്കൂസുകളും നിർമ്മിച്ചിട്ടുണ്ട്.
......................................................
സ്ഥലം ലഭ്യമാകുന്നത് അനുസരിച്ച് കൂടുതൽ പൊതു കക്കൂസുകൾ നിർമ്മിക്കുന്നതിന് നഗരസഭാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഒ.ഡി.എഫ് പദവി നിലനിറുത്തുന്നതിന്റെ ഭാഗമായി ഈ വർഷം നടക്കുന്ന സർവേയുടെ മുന്നോടിയായി നഗരത്തിൽ വെളിയിട മലമൂത്രവിസർജ്ജനം നടത്തുന്നവരെ കണ്ടെത്തി പിടികൂടും. വെളിയിടങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ മുതൽ പിഴ ഈടാക്കും.
-മുനിസിപ്പൽ സെക്രട്ടറി സുജിത്