തൃശൂർ: വിമാനത്താവളങ്ങളുടെ മാതൃകയിൽ റെയിൽവേ വികസന കോർപറേഷൻ രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. സ്റ്റേഷന്റെ വികസനത്തിന് കോടിക്കണക്കിന് രൂപ കോർപറേഷൻ ചെലവഴിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി മോഡൽ) രീതിയാണ് റെയിൽവേ ആവിഷ്‌കരിക്കുന്നത്. തൃശൂർ സ്റ്റേഷനെയും കഴിഞ്ഞ ദിവസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

റെയിൽവേ സ്‌റ്റേഷനുകളിലെ സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമുണ്ട്. വിമാനത്താവളങ്ങളിലേത് പോലെ, വന്നിറങ്ങുന്ന യാത്രക്കാർക്കും പോകുന്നവർക്കും പ്രത്യേക ടെർമിനലുകൾ സജ്ജീകരിച്ചാൽ യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഒരുക്കാനാകുമെന്നാണ് റെയിൽവേ കരുതുന്നത്. പ്രത്യേക കാത്തിരിപ്പ് കേന്ദ്രവും ഗുണകരമാകും. സ്റ്റേഷൻ്റെ മുകളിലെ നിലകളിൽ വൻകിട ഹോട്ടലുകളും വ്യാപാരകേന്ദ്രങ്ങളും മാളുകളും നിർമ്മിക്കും. സ്റ്റേഷനുകളുടെ വികസനത്തിന് മാത്രമാണ് കോർപറേഷനെ റെയിൽവേ മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഫണ്ട് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതലയും കോർപറേഷനാണ്. ആദ്യഘട്ടത്തിൽ 50 സ്റ്റേഷനുകളായിരുന്നെങ്കിൽ പിന്നീട് 90 സ്റ്റേഷനുകളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയത് ദക്ഷിണ റെയിൽവേ മാനേജർ രാഹുൽ ജയിൻ, ടി.എൻ പ്രതാപൻ എം.പിയെ അറിയിച്ചിരുന്നു. മാനേജർ ഒക്ടോബറിൽ തൃശൂർ സ്റ്റേഷൻ സന്ദർശിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

തീരുമാനങ്ങൾ

# എറണാകുളത്തു നിന്ന് രാമേശ്വരത്തേക്ക് ദ്വൈവാര ട്രെയിൻ സർവീസ്

# റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയാൽ സർവീസ്

#എറണാകുളത്തിനും രാമേശ്വരത്തിനുമിടയിൽ പ്രതിവാര സ്‌പെഷൽ ട്രെയിൻ ഒക്ടോബറിൽ

# ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി-ബാനസവാടി എക്‌സ്പ്രസ് മൂന്ന് ദിവസ സർവീസാക്കി മാറ്റും
# തിരുവനന്തപുരം-പാലക്കാട് പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പിനായി ശുപാർശ

....................

''തൃശൂർ റെയിൽവേ സ്റ്റേഷനിലെ വീതി കൂടിയ നടപ്പാലം രണ്ടാം പ്രവേശന കവാടത്തിലേക്കു നീട്ടുന്നതിനുള്ള കരാർ നടപടികൾ അവസാനഘട്ടത്തിലാണ്. ഇതിനാണ് പ്രഥമ പരിഗണന. രണ്ടാം പ്ലാറ്റ്‌ഫോമിൽ അറ്റകുറ്റപ്പണികൾ നടത്തും. കൂടുതൽ മേൽക്കൂരയും കോച്ച് ഗൈഡൻസ് സംവിധാനവും സ്ഥാപിക്കും.''

- കെ.ആർ. ജയകുമാർ, സ്റ്റേഷൻ മാനേജർ, തൃശൂർ റെയിൽവേ സ്റ്റേഷൻ