തൃശൂർ: പങ്കെടുക്കുന്ന ചടങ്ങുകളിൽ പൂക്കളുകൾക്കും ഷാളുകൾക്കും പകരം പുസ്തകം മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ടി. എൻ. പ്രതാപൻ എം.പിക്ക് മൂന്ന് മാസം കൊണ്ട് ലഭിച്ചത് 3000 പുസ്തകങ്ങൾ. മികച്ച റഫറൻസ് ഗ്രന്ഥങ്ങൾ, കഥ, കവിത, നോവലുകൾ, യാത്രാവിവരണങ്ങൾ, ബാലസാഹിത്യം, മതഗ്രന്ഥങ്ങൾ തുടങ്ങി എല്ലാവിഭാഗം പുസ്തകങ്ങളും സമ്മാനമായി ലഭിച്ചു. 50 പുസ്തകങ്ങൾ സമ്മാനിക്കുന്ന വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം. പി നേരിട്ട് സന്ദർശിച്ച് 'പുസ്തക നിധി' ശേഖരിക്കും. ജില്ലയ്ക്ക് പുറത്ത് നിന്നും നിരവധി പേർ പുസ്തകങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. ലഭിച്ച പുസ്തകങ്ങൾ അയ്യന്തോൾ ചുങ്കത്തുള്ള എം.പിയുടെ ഓഫീസിൽ തരം തിരിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ജൂൺ 17 നായിരുന്നു എം.പിമാരുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ 17ന് മൂന്ന് മാസം പൂർത്തിയായി. ഒരു മാസത്തിലേറെ നീണ്ട പാർലമെന്റ് സമ്മേളനം ഇതിനിടയിൽ നടന്നു. തനിക്ക് ലഭിക്കുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് ആദ്യം സ്വന്തം ഗ്രാമത്തിൽ സ്‌നേഹതീരം ബീച്ചിൽ വായനശാല തുറക്കുമെന്ന് എം. പി അറിയിച്ചിരുന്നു. പിന്നീട് പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച വായനശാലകൾക്കും, മികച്ച വിദ്യാലയ ലൈബ്രറികൾക്കും പുസ്തകങ്ങൾ സമ്മാനിക്കും..