തൃപ്രയാർ: ഓണാഘോഷത്തിന്റെ ഭാഗമായി തളിക്കുളം ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെലികോപ്ടർ യാത്ര വിവാദത്തിൽ. യാത്രക്ക് വിനോദ നികുതി ഈടാക്കേണ്ടത് നാട്ടിക പഞ്ചായത്താണെന്ന തളിക്കുളം പഞ്ചായത്ത് യോഗത്തിലെ സെക്രട്ടറിയുടെ വിശദീകരണം ദുരുദ്ദേശപരമാണെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പ്രസ്താവനയിൽ പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കിയതിനുശേഷം ഒരു തരത്തിലുള്ള വിനോദനികുതിയും ഈടാക്കാൻ കഴിയില്ല. സിനിമാതിയേറ്ററിലെ വിനോദ നികുതി മാത്രമാണ് പുനസ്ഥാപിച്ചത്. തെറ്റിദ്ധാരണ പരത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതുമാണ് തളിക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ പ്രസ്താവനയെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തളിക്കുളം പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സെക്രട്ടറിയുടെ വിവാദ പരാമർശം ഉണ്ടായത്.
ടിക്കറ്റ് വച്ച് ഹെലികോപ്ടർ യാത്ര നടത്തിയത് ഭരണസമിതിയുടെ തീരുമാനമില്ലാതെയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ ആരോപിച്ചിരുന്നു. ഫിറ്റ്‌നസ് പരിശോധിക്കാതെയും ടിക്കറ്റ് സീൽ ചെയ്യാതെയുമാണ് പണം ഈടാക്കിയിരുന്നതെന്നും ആരോപണമുണ്ട്. അജൻഡയിൽ ഇല്ലാത്ത കാര്യം ചർച്ചചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഭരണസമിതി യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു.