മാള: കണക്കും പി.ടി.എ പൊതുയോഗവും ഓഡിറ്റിംഗും ഇല്ലാതെ കുഴൂർ സർക്കാർ ഹൈസ്‌കൂളിന്റെ ഔദ്യോഗിക ചട്ടങ്ങൾ താളം തെറ്റുന്നതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും അന്വേഷണം പോലും നടത്തിയില്ലെന്ന് പി.ടി.എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പി.ടി.എ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കുന്നതിനോ ഓഡിറ്റിംഗിന് നൽകി പൊതുയോഗം വിളിക്കാനോ പ്രധാനദ്ധ്യാപിക ശ്രമിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എം.പി ഫണ്ടിൽ കഴിഞ്ഞ വർഷം അനുവദിച്ച സ്‌കൂൾ ബസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യസമയത്ത് പാലിക്കാത്തതിനാൽ നഷ്ടപ്പെട്ടു. ഷൂട്ടിംഗ് റെയ്ഞ്ച് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നൽകിയ അനുമതി നഷ്ടപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്ന് രശീത് ഇല്ലാതെ പിരിവ് നടത്തി. രേഖകളും സ്‌കൂൾ യൂണിഫോമും സംബന്ധിച്ച് പി.ടി.എയെ അറിയിച്ചിട്ടില്ലെന്നതടക്കമുള്ള പരാതികളാണ് ഭാരവാഹികൾ ഉന്നയിച്ചിരിക്കുന്നത്.

മുൻ എം.പി ഇന്നസെന്റ് സ്‌കൂൾ ബസ് അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്‌കൂൾ അധികൃതരുടെ അനാസ്ഥ കാരണം ബസ് ലഭിക്കാതെ പോയതെന്നാണ് ആരോപണമുള്ളത്. എയർ റൈഫിൾ ഷൂട്ടിംഗ് റേഞ്ചിന്റെ പദ്ധതി റിപ്പോർട്ട് നൽകാതെ നഷ്ടപ്പെടുത്തിയതായും മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഉപ ഡയറക്ടർ എന്നിവർക്ക് പി.ടി.എ ഭാരവാഹികൾ നൽകിയ പരാതികളിൽ വ്യക്തമാക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ടി.സി. വിനുമോൻ, വി.വി. രാജേഷ്, എം.പി. ജോബി എന്നിവർ പങ്കെടുത്തു.