കുഴിയടയ്ക്കാൻ കളക്ടർ വിളിച്ച യോഗത്തിൽ ധാരണയായിരുന്നു

ചാവക്കാട്: തകർന്നടിഞ്ഞ ചേറ്റുവ - പൊന്നാനി ദേശീയ പാതയുടെ പേരിൽ മുതലെടുപ്പ് സമരവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. സംസ്ഥാന സർക്കാരിനെതിരെയായിരുന്നു കോൺഗ്രസ് സമരം. എന്നാൽ കേന്ദ്രസർക്കാരിനെ പഴിചാരി ആയിരുന്നു ഡി.വൈ.എഫ്‌.ഐ പ്രതിഷേധം.

മാസങ്ങൾക്ക് മുമ്പേ ദേശീയപാത തകർന്ന് പാതാളമായിട്ടും സമരരംഗത്ത് എത്താതിരുന്ന ഡി.വൈ.എഫ്‌.ഐ ആദ്യമായാണ് ഹൈവേ ഓഫീസ് മാർച്ചുമായി പ്രതിഷേധം സംഘടിപ്പിച്ചത്. റോഡിന്റെ തകർച്ച പരിഹരിച്ചില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനത്തെ തുടർന്ന് കഴിഞ്ഞദിവസം കളക്ടർ യോഗം വിളിച്ചിരുന്നു.

റോഡിലെ കുഴികൾ ഒരാഴ്ചക്കുള്ളിൽ അടച്ച് ഗതാഗതയോഗ്യമാക്കുമെന്ന് ദേശീയപാതാ എക്‌സിക്യൂട്ടിവ് എൻജിനിയർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇതോടെയാണ് പണിമുടക്കിൽ നിന്നും ബസ് ജീവനക്കാർ പിന്മാറിയത്. ഒരാഴ്ചക്കുള്ളിൽ കുഴിയടയ്ക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ കേസെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പു നൽകിയിരുന്നു.

യോഗത്തിെലെ ഉറപ്പ് നിലനിൽക്കെ ഡി.വൈ.എഫ്‌.ഐയും കോൺഗ്രസും നടത്തിയത് മുതലെടുപ്പ് സമരം ആണെന്നാണ് ജനസംസാരം. നേരത്തെ മുസ്‌ലിം ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ പാർട്ടികളും ദേശീയപാതയുടെ തകർച്ചയ്ക്കെതിരെ സമരം സംഘടിപ്പിച്ചിരുന്നു.

ശാശ്വത പരിഹാരം വേണം
ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരായ ഓട്ടോ തൊഴിലാളികളിൽ പലരും ഇപ്പോൾ നിര്യരോഗികളാണ്. മാസങ്ങളായി തകർന്നു കിടക്കുന്ന ദേശീയപാതയാണ് ഇതിനു കാരണം. വാഹനങ്ങൾക്ക് കേടുപാട് വരുന്നത് സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ഇതിന് ശാശ്വത പരിഹാരം കാണണം.

-എ.കെ.അലി, ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം സെക്രട്ടറി