kda-kunjalipara-niraharam
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ രാപകൽ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുന്നു

കൊടകര: മറ്റത്തൂർ പഞ്ചായത്തിൽ കോടശേരി മലയോട് ചേർന്ന് കിടക്കുന്ന കുഞ്ഞാലിപ്പാറയിലെ ഖനന പ്രവർത്തനവും ക്രഷർ യൂണിറ്റും നിറുത്തലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പ്രകൃതിക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയേകി കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റി രാപ്പകൽ നിരാഹാരവും പ്രകടനവും നടത്തി.

ലിന്റോ പള്ളിപറമ്പൻ, സായൂജ് വലിയപറമ്പിൽ, ബെൻസൺ പെരേപ്പാടൻ, ലിനോ മൈക്കിൾ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷീല വിപിനചന്ദ്രൻ, ഡി.സി.സി സെക്രട്ടറി ടി.എം. ചന്ദ്രൻ, ശിവരാമൻ പോതിയിൽ, രഞ്ജിത്ത് കൈപ്പള്ളി, നൈജോ ആന്റോ, പ്രവീൺ കുമാർ, സുരേന്ദ്രൻ ഞാറ്റുവെട്ടി എന്നിവർ സംസാരിച്ചു.


ഭാരപരിധി നിശ്ചയിച്ച് ബോർഡ് സ്ഥാപിച്ചു
സമരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പതുങ്ങ വഴിയുടെ പ്രവേശന കവാടത്തിൽ മറ്റത്തൂർ പഞ്ചായത്ത് ഭാരപരിധി നിശ്ച്ചയിച്ച് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. പ്രശാന്തും സമരസമിതി അംഗങ്ങളും പങ്കെടുത്തു.


റോഡ് കൈയേറ്റമുണ്ടെന്ന് വില്ലേജ് ഓഫീസർ
മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ ഖനന, ക്വാറി പ്രവർത്തനം നിറുത്തലാക്കണമെന്നും പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്നുമുള്ള പരാതിയെ തുടർന്ന് കോടശ്ശേരി വില്ലേജ് ഓഫീസർ സത്യശീലന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം അളന്ന് പരിശോധിച്ചു. പ്രഥമ ദൃഷ്ട്യാ വഴികൈയേറ്റം ശ്രദ്ധയിൽപ്പെട്ടെന്നും മേൽനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.