കൊടുങ്ങല്ലൂർ: സെപ്തം. 25 മുതൽ നഗരത്തിലെ വടക്കെ നടയിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരോധിക്കുന്നതിന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരത്തിലെ വർദ്ധിച്ചു വരുന്ന തിരക്കും വാഹന ഗതാഗതവും കണക്കിലെടുത്താണ് തീരുമാനം.

സ്റ്റേറ്റ് ബാങ്ക് മുതൽ കോടതി പരിസരത്തു നിന്ന് വടക്കോട്ട് കൽപ്പക റോഡ് വരെ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. ഇതിനൊപ്പം, വടക്കെ നടയിലെ ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ നില നിറുത്താനും ഗേൾസ് സ്കൂൾ മുതൽ വടക്കോട്ട് വില്ലേജ് ഓഫീസ് വരെ നിരോധനം ബാധകമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കെ.ആർ. ബേക്സിന് പിറകിലുള്ള വിശാലമായ പേ ആൻഡ് പാർക്ക് ഗ്രൗണ്ടും താലൂക്ക് ആശുപത്രിയുടെ സ്ഥലവും പാർക്കിംഗിന് ഉപയോഗപ്പെടുത്താം. നഗരസഭ മുൻകൈ എടുത്താണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാക്കിയത്. വടക്കെ നടയിലെ വ്യാപാരികളും ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. നഗരസഭാ കൗൺസിലും വടക്കെ നടയിൽ പാർക്കിംഗ് നിരോധിക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടർന്ന് നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗവും ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നഗരത്തിലെ ഗതാഗത സംവിധാനം മികവുറ്റതാക്കുന്നതിന് പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.