തിരുവില്വാമല: മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് വില്വാദ്രിനാഥന്റെ നിറമാല മഹോത്സവം ആഘോഷിച്ചു. കന്നിമാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ച താമരപ്പൂമാലകളും കുലവാഴകളും കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിൽ വാദ്യമേളക്കാർ, ആനകൾ, വാദ്യമേളപ്രേമികൾ, ആനക്കമ്പക്കാർ തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ടതെല്ലാം ആദ്യദിനം തന്നെ വില്വാദ്രിനാഥനെ ദർശിക്കാനായി അണിനിരന്നു. ഒരിടവേളയ്ക്കു ശേഷം വാദ്യക്കാരും ആനകളും അണിനിരന്നതോടെ ഉത്സവപ്രേമികൾ ആവേശഭരിതമായി. നിറമാലയുടെ പ്രധാന ആകർഷണമായ താമരപ്പൂമാലയ്ക്കുള്ള പൂവ് പ്രളയക്കെടുതിയിൽ ക്ഷാമം ഉണ്ടായിരുന്നെങ്കിലും പതിനായിരക്കണക്കിന് താമരകൾ തിരുനാവായയിൽ നിന്ന് എത്തിച്ചിരുന്നു. രാവിലെ അഷ്ടപദിയോടെ ആഘോഷത്തിന് തുടക്കമായി. തുടർന്ന് പഴയന്നൂർ ഗോവിന്ദന്റെ നാദസ്വരം, എട്ടിന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് രണ്ടിന് കുനിശ്ശേരി അനിയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, മച്ചാട് രാമകൃഷ്ണൻ നായർ, പാഞ്ഞാൾ വേലുക്കുട്ടി, തിരുവില്വാമല ഹരി എന്നിവർ നയിക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി, ആറിന് കോട്ടപ്പടി സുരേന്ദ്രന്റെ സ്‌പെഷ്യൽ നാഗസ്വരം, തുടർന്ന് നൃത്തനൃത്യങ്ങൾ, ഇരട്ട തായമ്പക, മദ്ദളകേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, പഞ്ചവാദ്യം എന്നിവയുമുണ്ടായി.