ചാലക്കുടി: നഗരസഭാ കൗൺസിൽ യോഗത്തിൽ എൻജിനിയറിംഗ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് ഭരണ - പ്രതിപക്ഷ അംഗങ്ങൾ. കൈക്കൂലി കൊടുക്കാതെ ഫയലുകൾ നീങ്ങുകയില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഇരുപക്ഷവും ആരോപിച്ചു. സാധാരണക്കാർക്ക് എൻജിനിയറിംഗ് വിഭാഗം ബാദ്ധ്യതയായി മാറിയെന്നും കുറ്റപ്പെടുത്തലുണ്ടായി.

അജണ്ടകൾ ചർച്ചയ്ക്കെടുക്കും മുമ്പേ ഭരണപക്ഷത്തെ വി.ജെ. ജോജിയും പ്രതിപക്ഷത്തെ കെ.വി. പോളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കൈക്കൂലി വാങ്ങുന്ന നിലപാട് ഇനിയും തുടർന്നാൽ വിജിലൻസിനെ കൊണ്ട് പിടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.


റോഡിന്റെ അറ്റകുറ്റപ്പണി നടത്താക്കത്തതിൽ പ്രതിഷേധിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന് പ്രതിപക്ഷത്തെ മേരി നളൻ യോഗത്തിൽ പറഞ്ഞു. ഒരു വർഷത്തിൽ അധികമായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, യു.വി. മാർട്ടിൻ, ഷിബു വാലപ്പൻ, ബിജു എസ്. ചിറയത്ത്, കെ.എം. ഹരിനാരായണൻ, ആലീസ് ഷിബു തുടങ്ങിയവർ സംസാരിച്ചു.

എൻജി. വിഭാഗത്തിനെതിരെ

കൗൺസിലർമാർ ഇടപെടുന്ന കാര്യങ്ങൾ പോലും നടത്തിക്കൊടുക്കുന്നില്ല

കൈക്കൂലി നൽകാതെ എൻജിനിയറിംഗ് വിഭാഗം ഒന്നും നടക്കുന്നില്ല

പ്രളയ ദുരിതാശ്വാസത്തിന് എത്തുന്നവരെയും ഉദ്യോഗസ്ഥർ പിഴിയുന്നു

മറ്റ് തീരുമാനങ്ങൾ

ക്രിമറ്റോറിയത്തിന്റെ ജനറേറ്ററുകൾ ഉടൻ പ്രവർത്തന സജ്ജമാക്കും

മുഴുവൻ വാർഡുകളിലെയും വഴി വിളക്കുകൾ ഒരാഴ്ചക്കുള്ളിൽ തെളിക്കും