ഭക്ഷ്യവിഷബാധ: പാലിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

ചേലക്കര: തിരുവോണ നാളിൽ പാലട പായസം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായ ചേലക്കരയിലും പരിസരങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പാൽ വിൽപ്പന കേന്ദ്രത്തിൽ നിന്നും പാലിന്റെ സാമ്പിൾ പരിശോധനയ്ക്കെടുത്ത് എറണാകുളം റീജ്യണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു.

ചേലക്കര ടൗണിൽ ഹോട്ടലുകളിൽ പരിശോധന നടത്തി പിഴ ഈടാക്കി. ഹോട്ടലുകളുടെ അടുക്കളയിൽ നിന്നും ഭക്ഷണത്തിൽ ചേർക്കാൻ സൂക്ഷിച്ചിരുന്ന കൃത്രിമനിറം പിടിച്ചെടുത്തു. പത്രക്കടലാസിൽ ഭക്ഷണ സാധനം പ്രദർശിപ്പിച്ചതിനും വേസ്റ്റ് ബാസ്‌കറ്റുകൾ തുറന്നുവച്ചതിനും പിഴ ഈടാക്കി. മിക്ക ഹോട്ടലുകളിലും ജോലിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ജല പരിശോധനാ റിപ്പോർട്ട് എന്നിവ ഉണ്ടായിരുന്നില്ല.

അഴുക്കുവെള്ളം കെട്ടിക്കിടന്നു വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. തിരുവില്വാമലയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചിരുന്ന ഇറച്ചിക്കട അടച്ചുപൂട്ടി. അഴുകിയ ഇറച്ചി വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.

ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നിർദ്ദേശാനുസരണം തൃശൂർ സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ വി.കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഫുഡ് സേഫ്ടി ഓഫീസർമാരായ ലിജ എസ്, ലിഷ വി എന്നിവരും ഉണ്ടായിരുന്നു.