ഗുരുവായൂർ: ക്ഷേത്രത്തിൽ 2018ൽ നടന്ന അഷ്ടമംഗല്യപ്രശ്‌നത്തിൽ നിർദ്ദേശിച്ച പരിഹാരക്രിയകളുടെ ഭാഗമായി സ്വാമിമാർക്കുളള ഭിക്ഷയും കാൽകഴുകിച്ചൂട്ടും നടത്തി. തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദതീർഥ, തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, മുഞ്ചിറ മഠം സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ എന്നിവരെയാണ് ഭിക്ഷ നൽകി കാൽകഴുകിച്ചൂട്ട് നടത്തിയത്.
രാവിലെ പന്തീരടി പൂജ കഴിഞ്ഞ് നട തുറന്നതിനു ശേഷമായിരുന്നു ചടങ്ങ്. മൂന്നു സ്വാമിയാർമാരെയും രാവിലെ ശീവേലിക്കുമുമ്പ് കിഴക്കെ ഗോപുരത്തിന് മുന്നിൽ നിന്ന് ആചാരപ്രകാരം നാലമ്പലത്തിനകത്തേക്ക് സ്വീകരിച്ച് ആനയിച്ചു. തെക്കെ വാതിൽ മാടത്തിൽ ചടങ്ങ് നടക്കുന്ന നേരം കീഴ്ശാന്തിക്കാർ സഹസ്രനാമം ചൊല്ലി. നാലമ്പലത്തിലെ ചടങ്ങിനുശേഷം കൂത്തമ്പലത്തിൽ ഭക്തർക്ക് പണം വച്ചു നമസ്‌കരിക്കാനുള്ള സൗകര്യമുണ്ടായി.