തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കുന്ന പുഴയ്ക്കലിലെ പുതിയ പാലം 28ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായാലും ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രിയുടെ തീയതി ലഭിച്ചില്ലെങ്കിൽ പാലം തുറക്കുന്നത് അനന്തമായി നീളുമോയെന്നായിരുന്നു ആശങ്ക. വികസന വിഷയത്തേക്കാൾ ഉപരിയായി പുതിയ പാലം രാഷ്ടീയ പ്രശ്‌നമായി മാറിയ സാഹചര്യവും ആശങ്ക സൃഷ്ടിച്ചിരുന്നു.

ഇക്കാര്യം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ അനിൽ അക്കരെ എം.എൽ.എ വകുപ്പ്മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. നേരത്തെ നിശ്ചയിച്ച തീയതിയിൽ പാലം ഉദ്ഘാടനം നടക്കാതെ വന്നപ്പോൾ അനിൽ അക്കര എം.എൽ.എയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുകയും ഇതിനെതിരെ ഇടതുനേതൃത്വം പോസ്റ്റർ യുദ്ധം നടത്തുകയും ചെയ്തിരുന്നു. നേരത്തെ കിഫ്ബിയിൽ നിന്നും 10 കോടി രൂപ അനുവദിച്ചെങ്കിലും ഏഴു കോടിയോളം രൂപ മാത്രം എസ്റ്റിമേറ്റ് തുക വന്നതിനാൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഷൊർണ്ണൂർ-കുറ്റിപ്പുറം റോഡിന്റെ നിർമ്മാണത്തിന് മിച്ചം വന്ന തുക ഉപയോഗിച്ചാണ് പാലത്തിന് വേണ്ട തുക കണ്ടെത്തിയത്.