തൃശൂർ: കാശ്മീരിന് പ്രത്യേക പദവി നൽകിയുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 317, 35 എ നരേന്ദ്ര മോദി സർക്കാർ എടുത്തുകളഞ്ഞതോടെ പറയുന്ന കാര്യങ്ങളിൽ നിന്ന് ബി.ജെ.പി പിറകോട്ട് പോകില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ജനസംഘം രൂപീകരിച്ചത് മുതൽ ബി.ജെ.പി. പറയുന്നതാണ് ഇക്കാര്യം. പുതിയ കശ്മീർ, പുതിയ ഇന്ത്യ എന്ന പേരിൽ സാഹിത്യ അക്കാഡമി ഹാളിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിന്താസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വർദ്ധിപ്പിക്കാതെ അഴിമതിരഹിത ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. അഴിമതിക്കാരെ പിടിച്ചു കൊണ്ടിരിക്കുകയാണ്. പലരും ജയിലഴികൾ എണ്ണുന്നുണ്ട്. ആദർശങ്ങളെ മുൻ നിറുത്തി രാജ്യപുരോഗതിക്കായി മോദി സർക്കാർ മുന്നോട്ട് പോകും. കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്ന കാലം അതിവിദൂരമല്ലെന്നും മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.എസ്. ശ്രീരാമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനീഷ്‌കുമാർ, കെ.പി. ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രവികുമാർ ഉപ്പത്ത്, ജൻസമ്പർക്ക് അഭിയാൻ സംസ്ഥാന ജനറൽ കൺവീനർ അശോക് കുമാർ, ജോയിന്റ് കൺവീനർ ഉണ്ണിക്കൃഷ്ണൻ, എസ്.സി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ പങ്കെടുത്തു. പരിപാടിക്ക് ശേഷം തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ സന്ദർശിച്ചു.