തൃശൂർ: ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 317, 35എ കാരണം കശ്മീർ ജനതയ്ക്ക് മനുഷ്യാവകാശവും പൗരാവകാശവും നിഷേധിച്ചുവെന്നും മോദി സർക്കാർ കോടിക്കണക്കിന് രൂപ നൽകിയിട്ടും കശ്മീരിന്റെ വികസനം മുരടിച്ചുവെന്നും മുൻ ഡി.ജി.പി ടി.പി സെൻകുമാർ പറഞ്ഞു. . പുതിയ കശ്മീർ, പുതിയ ഇന്ത്യ എന്ന പേരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിന്താസായാഹ്നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസനം മരീചികയായതിനാലാണ് കശ്മീരിലുള്ളവർ ഭീകരവാദത്തിലേക്ക് തിരിഞ്ഞത്. 2004 മുതൽ 2019 വരെ 2,70,000 കോടി രൂപ കശ്മീരിന് കേന്ദ്ര സർക്കാർ നൽകിയിട്ടും അഴിമതി കാരണം വികസന പ്രവർത്തനം നടന്നില്ല. നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ സമസ്ത മേഖലകളിലും കശ്മീർ വികസനത്തിന്റെ പാതയിലാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.