തൃശൂർ : പ്രളയത്തിൽ വീട് തകർന്നതിന് നഷ്ട പരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ്. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നടപടി. മഹാ പ്രളയത്തിൽ പരാതിക്കാരിയുടെ വീടിന് മുകളിലൂടെ വെള്ളം ഒഴുകി വന്ന് വീട് തകർന്നു. 10,000 രൂപ മാത്രമാണ് സഹായം ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. വീടിന് 79 ശതമാനം കേടുപാടുകൾ സംഭവിച്ചു. വീട് ഇൻഷ്വർ ചെയ്തിട്ടുണ്ട്. എന്നാൽ ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ല. ചാലക്കുടി തഹസിൽദാർ റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ വീടിന് 29 ശതമാനം നാശനഷ്ടം ബോദ്ധ്യമായിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 60,000 രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ഇതിൽ തൃപ്തയല്ലെങ്കിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. എന്നാൽ അതിന്റെ സമയപരിധി അവസാനിച്ചതായി റിപ്പോർട്ടിലുണ്ട്.

പരാതിക്കാരിയുടെ വീടിന് 79 ശതമാനം കേടുപാടുകൾ ഉണ്ടെന്ന് ഇൻഷ്വറൻസ് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യമായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരി ജില്ലാ കളക്ടറെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിക്കാരിക്ക് അപ്പീൽ നൽകാൻ ജില്ലാ കളക്ടർ സമയം അനുവദിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പരാതിക്കാരി ഉത്തരവ് കിട്ടി രണ്ടാഴ്ചക്കകം കളക്ടർക്ക് അപേക്ഷയും മറ്റ് രേഖകളും സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.