pumb
കോട്ടപ്പുറം കോളനി കുടിവെള്ളപദ്ധതിയുടെ തകർന്നുവീണ പമ്പ് ഹൗസ്

എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കോട്ടപ്പുറം പട്ടികജാതി കോളനി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തകർന്ന് വീണു. മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ പുനർ നിർമ്മാണം നടത്താൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വൈദ്യുതി കണക്‌ഷന്റെ മീറ്റർ ബോർഡ് ഉൾപ്പടെയുള്ളവ തകർന്നതിനാൽ കുടിവെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.

പഞ്ചായത്തിന്റെ കീഴിൽ 30 വീടുകൾക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുന്നത്. എന്നാൽ മാസങ്ങളോളമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. മീറ്റർ ബോർഡ് ഇളകി താഴെ വീണതിനാൽ ഷോക്കേൽക്കുമെന്ന ഭയം കൊണ്ട് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് പമ്പ് ഓപ്പറേറ്റർ പറയുന്നു.

പഞ്ചായത്ത് അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സമീപമുള്ള മെറ്റൽ ക്രഷറിന്റെ പ്രവർത്തനമാണ് പമ്പ് ഹൗസ് തകരാൻ ഇടയാക്കിയതെന്നും ആരോപണമുണ്ട്. ക്രഷറിലെ പാറമടകളിൽ നിരന്തരം നടത്തുന്ന ഉഗ്രസ്‌ഫോടനങ്ങൾ പമ്പ് ഹൗസിന്റെ ചുമരിന് വിള്ളൽ വീഴ്ത്തുകയും പിന്നീട് തകർന്ന് വീഴുകയുമാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു.

തകർന്ന പമ്പ് ഹൗസ് പുനർ നിർമ്മിക്കണമെന്നും ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും കോളനി നിവാസികൾ ആവശ്യപ്പെട്ടു.