പുതുക്കാട്: മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കുന്ന പുതുക്കാട് ബസാർ റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തികൾക്ക് മേൽനോട്ടത്തിന് പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി. വ്യാഴാഴ്ച കൈയേറ്റം ഒഴിപ്പിക്കാൻ കരാറുകാരന്റെ ജോലിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ പുതുക്കാട് വികസന സമിതിയും പൊതു പ്രവർത്തകരായ വിജു തച്ചംകുളവും ജോയ് മഞ്ഞളിയും പ്രതിഷേധിച്ചിരുന്നു.

അനുവദിച്ച തുക വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ബസാർ റോഡിന്റെ നവീകരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വികസന സമിതിയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകളം പ്രത്യക്ഷപ്പെട്ടു. സർവേ ഉദ്യോഗസ്ഥർ അളന്ന് രേഖപ്പെടുത്തിയ സ്ഥലത്തിന് പകരം കൈയ്യേറ്റക്കാർ പറയുന്ന സ്ഥലം മാത്രമായിരുന്നു ജീവനക്കാർ പൊളിച്ച് ഏറ്റെടുത്തത്.

സ്ഥലം ഒഴിപ്പിച്ചെടുക്കേണ്ട പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി പ്രവൃത്തികൾ തടഞ്ഞത്. സംഭവം അറിഞ്ഞ ജോയ് മഞ്ഞളിയും വിജു തച്ചംകുളവും തഹസിൽദാർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിലായിരുന്നു പിന്നീട് പ്രവൃത്തികൾ നടന്നത്.

പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇന്നലെയെത്തി. കഴിഞ്ഞ പാർലമന്റ് തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവൃത്തി ആരംഭിക്കാത്തത് വിവാദമായിരുന്നു. ഇതിനിടെ കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായി.

കാളവണ്ടിക്കാലത്തേക്കാൾ റോഡ് ചെറുതായി

ചതുപ്പുനിലമായിരുന്ന പണ്ടുകാലത്തെ നടവഴി ചെമ്മൺ പാതയും, കല്ലു വിരിച്ച റോഡും പിന്നിട് ദേശീയപാതയുമായതാണ് ഇന്നത്തെ ബസാർ റോഡ്. ദേശീയപാത കിഴക്കുമാറി നിർമ്മിച്ചതോടെ ബസാർ റോഡായി. കാളവണ്ടികൾ മാത്രമുണ്ടായിരുന്ന കാലത്ത് ഉണ്ടായിരുന്ന റോഡിന്റെ നാലിൽ മൂന്ന് ഭാഗം മാത്രമാണ് ഇപ്പോൾ വീതിയുള്ളത്.

പുതുക്കാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത് ബസാർ റോഡിനോട് ചേർന്ന് നിർമ്മിച്ച പൊതുകിണർ വരെ ഇപ്പോൾ കൈയ്യേറ്റക്കാരുടെ പക്കലാണ്. എണ്ണൂറോളം മീറ്റർ മാത്രം ദൂരമുള്ള റോഡിന് ഇരുവശത്തുമായി 27 സർവേ നമ്പറുകളിലായി 111 ഭൂവുടമകളാണ് ഉള്ളത്. കൈയേറിയ സ്ഥലം പൊളിച്ചെടുക്കുന്നതിനെതിരെ പരാതിയുമായി നാല് ഭൂവുടമകൾ കോടതിയെ സമീപിച്ചിരുന്നു.

സർവേ പൂർണമല്ലെന്ന്

കൈയേറ്റം കണ്ടെത്താൻ നടത്തിയ സർവേയും പൂർണ്ണമല്ലെന്ന ആരോപണം ഉയരുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള ഭൂവുടമകളിൽ നിന്നും സ്ഥലം പിടിച്ചെടുത്ത് ഇരുവശത്തും കോൺക്രീറ്റ് കാന നിർമ്മിച്ച് സ്ലാബിട്ട് ടൈയിൽ പാകി നടപ്പാത നിർമ്മിക്കുന്നത് ഉൾപ്പെടെയാണ് മൂന്നു കോടിയുടെ നവീകരണം. മുഴുവൻ കൈയേറ്റങ്ങളും തിരിച്ചുപിടിച്ച് പരാതിക്ക് അടിസ്ഥാനമില്ലാതെ ബസാർ റോഡ് നവീകരണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബസാർ റോഡ് നവീകരണം

ബസാർ റോഡ് നവീകരണത്തിന് പി.ഡബ്ലിയു.ഡി റോഡ് അനുവദിച്ചത് 3 കോടി

കഴി‌ഞ്ഞ ദിവസം റോഡ് പ്രവൃത്തിക്കിടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയില്ല

കൈയേറ്റക്കാരുടെ ഇഷ്ടപ്രകാരം ഒഴിപ്പിക്കൽ പ്രവൃത്തി നടത്തിയെന്ന് ആരോപണം

അനുവദിച്ച തുകയക്ക് റോഡ് നവീകരണം കൂടി നടത്തണമെന്ന് വികസന സമിതി

പ്രതിഷേധിച്ച് പ്രവൃത്തി തടഞ്ഞതിനെ തുടർന്ന് ഇന്നലെ അധികൃതരുടെ മേൽനോട്ടത്തിൽ