sanjay

ഇരിങ്ങാലക്കുട: തിയേറ്ററിലേക്കുള്ള വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ തിയറ്റർ നടത്തിപ്പുകാരൻ അറസ്റ്റിൽ. ഇരിങ്ങാലക്കുട നെടുംപുരയ്ക്കൽ സഞ്ജയ് രവി ആണ് ഇന്നലെ അമല ആശുപത്രിക്കടുത്തു നിന്ന് അറസ്റ്റിലായത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിൻതുടരുന്നതു മനസിലാക്കി കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കഴിഞ്ഞ 13 ന് അർദ്ധരാത്രിയോടെയാണ് മാപ്രാണം തളിയക്കോണം വാലത്തുവീട്ടിൽ രാജൻ (63) തർക്കത്തിനിടെ വെട്ടേറ്റു മരിച്ചത്. തൃശൂരിലെ പ്രമുഖ അഭിഭാഷകന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ടു പ്രതികളായ അനീഷ്, ഗോകുൽ എന്നിവരെ പിടികൂടാനുണ്ട്.

അതിനിടെ തെളിവെടുപ്പിന് എത്തിച്ച പ്രതി സഞ്ജയ് രവിക്ക് കൊല്ലപ്പെട്ട രാജന്റെ ബന്ധുക്കളിൽ നിന്ന് മർദ്ദനമേറ്റു. പ്രതിയെ തെളിവെടുപ്പിന് ജീപ്പിൽ നിന്ന് ഇറക്കിയ ഉടൻ രാജന്റെ ബന്ധുക്കൾ ആക്രോശത്തോടെ പാഞ്ഞടുക്കുകയായിരുന്നു.ഇവരെ പൊലീസ് തടഞ്ഞ്, നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മടങ്ങി.