ചാലക്കുടി: ഒക്ടോബർ 15ന് മുൻപായി ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണം പുനരാരംഭിക്കുമെന്ന് നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ. ദേശീയ പാത 544ന്റെ വികസനത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ബെന്നി ബഹന്നാൻ എം.പി വിളിച്ചു കൂട്ടിയ ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിലാണ് അധികൃതർ ഉറപ്പു നൽകിയത്.
ഇടപ്പള്ളി മുതൽ ചാലക്കുടി വരെയുള്ള ഹൈവേ, സർവീസ് റോഡ് എന്നിവിടങ്ങളിലെ കുഴികൾ പത്ത് ദിവസത്തിനകം അടയ്ക്കാനും ധാരണയായി. ഇതിനായി രണ്ടു അഡിഷണൽ യൂണിറ്റുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ദേശീയ പാതയുടെ ബി.ഒ.ടി കരാർ ഏറ്റെടുത്ത കൺസൽട്ടന്റ് കമ്പനി യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെങ്കിൽ നടപടിയെടുക്കാനും തീരുമാനമെടുത്തു.
ആലുവ മുതൽ കൊടകര വരെയുള്ള ദേശീയപാതയിലെയും സർവീസ് റോഡുകളിലെയും കുഴികൾ, വെള്ളക്കെട്ട് എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം.പി അധികൃതരോട് നിർദ്ദേശിച്ചു. ആലുവ കമ്പനിപ്പടി, നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസ് കോട്ടായി, സെമിനാരിപ്പടി അത്താണി, കറുകുറ്റി കരയാംപറമ്പ്, മുരിങ്ങൂർ കൊരട്ടി ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ മഴക്കാലത്ത് രൂപപ്പെടുന്ന കനത്ത വെള്ളക്കെട്ട് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതിനാൽ ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മകൾ നീക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
എം.എൽ.എമാരായ ബി.ഡി. ദേവസ്സി, അൻവർ സാദത്ത്, റോജി എം. ജോൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
മറ്റ് ആവശ്യങ്ങൾ
അങ്കമാലി ടൗണിലും കറുകുറ്റിയിലും ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുക
അങ്കമാലിയിൽ ഡ്രെയിനേജിന് മുകളിലെ തകർന്ന സ്ലാബുകൾ മാറ്റുക
കരയാംപറമ്പിലെ സിഗ്‌നൽ ടൈം വ്യത്യാസപ്പെടുത്തുക
കൊരട്ടി ജംഗ്ഷനിൽ ഡ്രെയിനേജ് സംവിധാനം ശരിയാക്കുക
കൊരട്ടിയിൽ കംഫർട് സ്റ്റേഷൻ സ്ഥാപിക്കുക
ധാരണയായത്
ഇടപ്പള്ളി - ചാലക്കുടി ഹൈവേ, സർവീസ് റോഡ് എന്നിവിടങ്ങളിലെ കുഴികൾ പത്ത് ദിവസത്തിനകം അടയ്ക്കും
ബി.ഒ.ടി കരാർ ഏറ്റെടുത്ത കൺസൽട്ടന്റ് കമ്പനി യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ നടപടിയെടുക്കും
ആലുവ - കൊടകര ദേശീയപാതയിലെയും സർവീസ് റോഡുകളിലെയും കുഴികൾ, വെള്ളക്കെട്ട് എന്നിവ പരിഹരിക്കും