ചാലക്കുടി: മരത്തടികൾ ലഭ്യമല്ലാതായതോടെ ചട്ടിക്കുളം വനം ഡിപ്പോയുടെ പ്രവർത്തനം നിലച്ചു. പതിറ്റാണ്ടുകളോളം പേരെടുത്ത് നിന്നിരുന്ന ചട്ടിക്കുളം തടിഡിപ്പോയെ ഒഴിഞ്ഞ പറമ്പാക്കിയതിന് കാരണം തേക്ക് തടികളുടെ അഭാവമാണ്. തൃശൂർ, വാഴച്ചാൽ, മലയാറ്റൂർ ഡിവിഷനുകളിൽ നിന്നായിരുന്നു ഇവിടേക്ക് തടികൾ എത്തിയിരുന്നത്. എന്നാൽ തേക്ക് എത്താതായതോടെ പ്രതിസന്ധി രൂപപ്പെട്ടു.
ചാലക്കുടി, ചട്ടിക്കുളം, വരാപ്പുഴ, മുടിക്കൽ, വീട്ടൂർ എന്നിവിടങ്ങളാണ് പ്രധാന വനം ഡിപ്പോകൾ. തൃശൂർ ഡിവിഷനിലെ മച്ചാട് റെയ്ഞ്ചിൽ മാത്രമാണ് ഇപ്പോൾ തേക്ക് മുറിക്കുന്നത്. എന്നാൽ ഇവിടെ തൊഴിൽ തർക്കം നിലനിൽക്കുന്നതിനാൽ തടി നീക്കുന്ന പ്രവർത്തനം നടക്കുന്നില്ല. കഴിഞ്ഞ വർഷമാണ് അവസാനമായി ചട്ടികുളം ഡിപ്പോയിലേക്ക് തടികളെത്തിയത്. അത് ആഴ്ചകൾക്കുള്ളിൽ തന്നെ വിൽപ്പന നടത്തിയിരുന്നു.
പ്ലാന്റേഷനുകളിൽ തേക്ക് വെട്ടിയാൽ മാത്രമേ ഇനി ഡിപ്പോയിലേക്ക് തടികളെത്തൂ. ബ്രിട്ടീഷുകാരുടെ കാലം മുതൽ ചട്ടിക്കുളം തടി വ്യാപാരകേന്ദ്രമായിരുന്നു. ട്രാംവേയുടെ കാലത്ത് വനമേഖലയിലെ മരങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ട്രാംവേ വഴി മറ്റിടിങ്ങളിലേക്ക് തടി കയറ്റിവിട്ടിരുന്നത്.
സൂര്യപ്രകാശത്തിൽ നിന്നും തടികളുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ ഇവിടെ തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ആ തണൽ മരങ്ങൾ ഇപ്പോഴും ചട്ടിക്കുളം ഡിപ്പോയിൽ സംരക്ഷിക്കുന്നുണ്ട്. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളാണ് ഇവിടെ കൂടുതലായും വിൽപ്പനയ്ക്കെത്തുക. വ്യവസായ ആവശ്യത്തിനും ഗാർഹിക ആവശ്യത്തിനുമുള്ള തടികൾ ഇവിടെ നിന്ന് ലഭിക്കും. ഗാർഹിക ആവശ്യക്കാർക്ക് എട്ട് മീറ്റർ തടിമാത്രമാണ് നൽകുക.