ചാലക്കുടി: കലാഭവൻ മണിയുടെ സ്മരണയ്ക്കായി ഫോക്‌ലോർ അക്കാഡമി, നഗരസഭ, കലാഭവൻ മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ഒക്‌ടോബർ 7, 8 തീയതികളിലായി ടൗൺ ഹാൾ മൈതാനിയിൽ അഖില കേരള ഓണം കളി പ്രദർശനം നടത്തും. ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രിമാർ, സാംസ്കാരിക നേതാക്കൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

മലബാറിൽ പ്രചാരത്തിലുള്ള പൂരംകളി, നാടൻ പാട്ട്, ഓണംകളി, പുലികളി തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ജൂബിലി ഹാളിൽ നടന്നു. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി.

നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, അഡ്വ. കെ.ബി. സുനിൽ കുമാർ, അജയകുമാർ, പി.എ. സുഭാഷ് ചന്ദ്രദാസ്, ദേവസ്സികുട്ടി പനേക്കാടൻ, എം.എം. ഷക്കീർ തുടങ്ങിയവർ സംസാരിച്ചു.