ഗുരുവായൂർ: ടെമ്പിൾ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി തിങ്കളാഴ്ച തറക്കല്ലിടും. രാവിലെ പത്തിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ എന്നിവർ പങ്കെടുക്കും. നിലവിൽ ടെമ്പിൾ സ്റ്റേഷൻ ഉണ്ടായിരുന്ന ദേവസ്വം വക സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിക്കുന്നത്. ഈ സ്ഥലം ദേവസ്വം പൊലീസിന് പാട്ടത്തിന് നൽകിയിട്ടുണ്ട്. ടെമ്പിൾ സ്റ്റേഷന് പുറമെ ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ.സി.പി ഓഫീസിനും പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടാകും. പൊലീസുകാർക്ക് വിശ്രമ സ്ഥലവും ഒരുക്കും. രണ്ട് വർഷത്തിനകം കെട്ടിടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷൻ താത്കാലികമായി ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിനടുത്തുള്ള ദേവസ്വം വക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.