ഗുരുവായൂർ: സർക്കാർ വകുപ്പുകളുടെ സമയ ബന്ധിതവും ഏകോപനമില്ലാത്തതുമായ നിർമാണം നഗരത്തെ ദുരിതത്തിലാക്കിയതായി വ്യാപാര സംഘടനകൾ. മർച്ചന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്‌സ് അസോസിയേഷൻ, ചേംബർ ഒഫ് കൊമേഴ്‌സ് എന്നിവയാണ് പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ. പ്രകാശൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി.ഡി. ജോൺസൻ, ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
നിവേദനത്തിൽ
അഴുക്കുചാൽ പദ്ധതി: 1975ൽ ആരംഭിച്ച പദ്ധതി ഇനിയും കമ്മിഷൻ ചെയ്തിട്ടില്ല. പത്ത് വർഷം മുമ്പ് ആരംഭിച്ച പൈപ്പിടലും പൂർത്തിയായില്ല. മാൻഹോളുകളും സൈഡ് ചേംബറുകളും അപൂർണം.
കരുവന്നൂർ കുടിവെള്ള പദ്ധതി
പദ്ധതിക്കായി നഗരസഭയിലെ എല്ലാ റോഡുകളും പൊളിച്ച് പൈപ്പിട്ടു. ഇതുവരെ റീടാർ ചെയ്തില്ല. ശേഷിക്കുന്ന സ്ഥലങ്ങളിൽ റോഡരികിൽ പൈപ്പുകൾ കൂടിക്കിടക്കുന്നു. ഗതാഗത പ്രശനങ്ങൾ വിവരണാതീതം.
അമൃത് പദ്ധതിയിലെ കാന, ഫുട്പാത്ത് നിർമാണം
ലക്ഷങ്ങൾ മുടക്കി അടുത്ത കാലത്ത് നിർമിച്ച കാനകളും ഫുട്പാത്തും പൊളിച്ചു. പണികൾ ഇഴഞ്ഞു നീങ്ങിയതിനാൽ കടകൾക്കും ലോഡ്ജുകൾക്കും മുന്നിൽ കിടങ്ങ് തീർത്ത അവസ്ഥയായി. മലിനീകരണ നിയന്ത്രണ പ്ലാന്റിൽ നിന്നുള്ള വെള്ളം പോലും കാനയിലേക്ക് വിടാൻ അനുവദിക്കില്ലെന്ന നിലപാട് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ തടസമാകും.
ഖരമാലിന്യം സംസ്‌കരണം
നഗരത്തിൽ പലയിടത്തും മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. നഗരസഭയ്ക്ക് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ല. കാന നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ, ടെലഫോൺ കേബിൾ മുറിയൽ എന്നിവ പതിവാണ്. കിഴക്കെ നടയിലെ തിരക്കുള്ള റോഡിലെ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലം സ്വപ്നം മാത്രമായി അവശേഷിക്കുന്നു. നഗരസഭ, ദേവസ്വം, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പി.ഡബ്ലു.ഡി, ബി.എസ്.എൻ.എൽ എന്നിവയുടെ ഏകോപനമില്ലായ്മ നഗരത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.