ചാലക്കുടി: പ്രളയത്തിൽ തകർന്ന വെറ്റിലപ്പാറ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കം. കേടുപാടുകൾ സംഭവിച്ച ആറ് ബയറിംഗുകളാണ് മാറ്റിസ്ഥാപിക്കുന്നത്. ഇതിനായി സ്പാനുകൾ ഉയർത്തുന്ന പ്രവർത്തനമാണ് ആദ്യം നടക്കുക. ഇതിനുള്ള റോഡിന്റെ ഭാഗം വേർപ്പെടുത്തൽ തുടങ്ങി.
സ്പാനുകൾ ഉയർത്തുന്നതോടെ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളുടെ സഞ്ചാരവും നിരോധിക്കും. പ്രളയത്തിന് ശേഷം വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തി വിട്ടിരുന്നില്ല. 1.82 കോടി രൂപയാണ് അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. കേടുവന്ന ബയറിംഗുകൾ ചെന്നൈയിൽ നിന്നാണ് എത്തിക്കുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
രണ്ടു സ്പാനുകളിലെ ആറ് ബയറിംഗുകളാണ് പ്രളയത്തിൽ നശിച്ചത്. പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയപ്പോൾ പ്ലാന്റേഷൻ ഭാഗത്തെ ഒരു സ്പാനിന് സ്ഥാനചലനം സംഭവിച്ചു. കൈവരികളും ടൈലുകളും, പുഴയിലേക്ക് ഇറങ്ങുന്ന പടവും ഇതോടൊപ്പം തകർന്നിരുന്നു.
നിർമ്മാണം തുടങ്ങുമ്പോൾ
കേടുപാടുകൾ സംഭവിച്ച 6 ബയറിംഗുകൾ ആദ്യം ഉയർത്തും
എല്ലാ വാഹനങ്ങളുടെ സഞ്ചാരവും ഈ വഴി നിരോധിക്കും
അറ്റകുറ്റപ്പണികൾക്ക് പി.ഡബ്ലിയു.ഡി അനുവദിച്ചത് 1.82 കോടി
ബയറിംഗുകൾ എത്തിക്കുന്നത് ചെന്നൈയിൽ നിന്ന്
നിർമ്മാണച്ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിന്