കൊടുങ്ങല്ലൂർ: സമ്മാനമായി ലഭിച്ച ചൈനീസ് മോതിരം കൈ വിരലിലണിഞ്ഞ കുട്ടിയുടെ കൈയിൽ നീര് വന്ന് വീർക്കാൻ തുടങ്ങിയതോടെ മോതിരം മുറിച്ച് മാറ്റാൻ ഫയർഫോഴ്സിന്റെ സഹായം തേടേണ്ടി വന്നു. എറിയാട് എ.എം.ഐ.യു.പി സ്കൂളിലെ മൂന്നാം ക്ളാസുകാരി ഫാത്തിമ്മത്തുൽ ബിൻസിനിക്കാണ് ഫയർഫോഴ്സ് തുണയായത്. കൂട്ടുകാരി നൽകിയ ചൈനീസ് മോതിരം വ്യാഴാഴ്ച്ച രാത്രിയിലാണ് കുട്ടി വിരലിലിട്ടത്. നേരം പുലർന്നതോടെ വിരൽ നീരുവന്ന് വീർത്തു. ഇതേ തുടർന്ന് ബാപ്പ മുഹമ്മദ് ബിലാൽ സമീപത്തെ ഒരു ആഭരണ നിർമ്മാണ കേന്ദ്രത്തിലും തുടർന്ന് ആശുപത്രിയിലും കുട്ടിയെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കൊടുങ്ങല്ലൂർ ഫയർഫോഴ്സിന്റെ സഹായം തേടിയത്. ഫയർസ്റ്റേഷനിലെത്തിച്ച കുട്ടിയുടെ വിരലിൽ കുടുങ്ങിയ സ്റ്റീൽ നിർമ്മിതമെന്ന് തോന്നിക്കുന്ന മോതിരം ഒരു പോറൽ പോലുമേൽക്കാതെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഊരിയെടുത്ത് കുട്ടിക്ക് ആശ്വാസം പകർന്നു.