കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി മെമ്പർമാരായ കെ.കെ, ഷാജു, ആർ.കെ. കുറുപ്പ്, എസ്.എം. ഇക്ബാൽ, ടൂറിസം ജോയിന്റ് ഡയറക്ടർ കെ. രാജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, ഡിവൈ.എസ്.പി.ഫേമസ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി വി.ആർ.സുനിൽകുമാർ എം എൽ എ (ചെയർമാൻ), നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ (വൈ. .ചെയർമാൻ), ജില്ലാ കലക്ടർ എസ്. ഷാനവാസ് (ജനറൽ കൺവീനർ), ജി. ശ്രീകുമാർ (കൺവീനർ) എന്നിവർ ഉൾക്കൊള്ളുന്ന 501 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് 31 ന് പുന്നമടക്കായലിൽ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച ചാമ്പ്യൻസ് ലീഗ് 23ന് കൊല്ലത്ത് നടക്കുന്ന പ്രസിഡൻസ് ട്രോഫി ജലോത്സവത്തോടെ സമാപിക്കും. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലായാണ് സി.ബി.എൽ മത്സരങ്ങൾ നടക്കുന്നത്.
ഒക്ടോ.12ന് ഉച്ചക്ക് 2 മുതൽ 5 വരെയാണ് കോട്ടപ്പുറം കായലിലെ ജലോത്സവം. അതേ സമയം നാളിതുവരെ കോട്ടപ്പുറംകായലിൽ നടന്നു വന്നിട്ടുള്ള വള്ളംകളിയുടെ സംഘാടകരായ കോട്ടപ്പുറം ബോട്ട് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ സംഘാടനത്തിൽ ഒരു റോളുമില്ലെന്ന അവസ്ഥയാണ് സംഘാടക സമിതി യോഗത്തിൽ പ്രകടമായതെന്നാണ് ബോട്ട് ക്ലബ് ഭാരവാഹികളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വി.കെ. രാജന്റെ നേതൃത്വത്തിൽ രൂപം കൊള്ളുകയും അദ്ദേഹത്തിന്റെ നിര്യാണത്തോടെ വി.കെ. രാജൻ സ്മാരക ട്രോഫിക്കായുള്ള വള്ളംകളിയെന്ന നിലയിൽ ശ്രദ്ധേയമാവുകയും ചെയ്ത കോട്ടപ്പുറം വള്ളം കളി ചാമ്പ്യൻസ് ലീഗിന് ശേഷം വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണമെന്നുള്ള തീരുമാനത്തിലേക്ക് കോട്ടപ്പുറം ബോട്ട് ക്ലബ് എത്തിയിട്ടുണ്ട്.