nikhil
നിഖിൽ

തൃശൂർ : സഹോദരിയെ പ്രണയിച്ചതിന് അയ്യന്തോളിലേക്ക് വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനും കൂട്ടാളിയും അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ മുണ്ടൂർ മൈലംപുള്ളി കടുവാക്കുഴി ജോയൽ (20), കൊട്ടന്തരപ്പിള്ളി നവക്കോട് വീട്ടിൽ നിഖിൽ (19) എന്നിവരാണ് അറസ്റ്റിലായത്. അയ്യന്തോൾ അമർജ്യോതി പാർക്കിന് മുൻവശത്ത് വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിൻ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പൊലീസ് അർദ്ധരാത്രിയിൽ സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു. നിധിന്റെ പുറത്തും ഇടതുഷോൾഡറിലും ഇടതുകണ്ണിന് താഴെയും കുത്തേറ്റിട്ടുണ്ട്. ജോയലിന്റെ സഹോദരിയുമായുള്ള നിധിന്റെ പ്രണയം ചർച്ച ചെയ്യാനായി വിളിച്ചു വരുത്തി പെട്ടെന്ന് പ്രകോപനമായി കത്തിയെടുത്ത് കുത്തുകയായിരുന്നു. സി.ഐ സലീഷിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ജെ ജേക്കബ്, എ.എസ്.ഐ വി.എ രമേഷ്, പൊലീസുകാരായ അഭീഷ് ആന്റണി, ടി.സി. അനിൽകുമാർ, എം.എ. മനോജ് കുമാർ, അനിൽ കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.