ഇരിങ്ങാലക്കുട : അപർണയുടെ മനസ് വീണ്ടും കാരുണ്യക്കടലായി മാറിയപ്പോൾ പ്രതീക്ഷയുടെ തീരത്തേക്ക് നടന്നു കയറിയത് ഒരു പിടി ജീവിതങ്ങൾ. കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കുന്നതിനായി മുട്ടോളം നീണ്ടു കിടന്ന തന്റെ തലമുടി വെട്ടി നൽകിയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ അപർണ വ്യത്യസ്തയായത്. മുടി തൃശൂരിലെ അമല ഹോസ്പിറ്റലിനാണ് ദാനം ചെയ്തത്.
തൃശൂർ റൂറൽ വനിതാ പൊലീസ് സ്റ്റേഷനിൽ (ഇരിങ്ങാലക്കുട) സീനിയർ സിവിൽ പൊലീസ് ഓഫീസറായ അപർണ മൂന്നു വർഷം മുമ്പും തലമുടി 80% നീളത്തിൽ മുറിച്ച് കാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാൻ നൽകിയിരുന്നു. എന്നാൽ ഇത്തവണ തല മൊട്ടയാക്കിയാണ് മുടി ദാനം ചെയ്തത്.
ടി.വി - പത്ര മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അപർണയുടെ പല കാരുണ്യ പ്രവൃത്തികളും വാർത്തയായിരുന്നു. ആശുപത്രിയിൽ ബില്ലടയ്ക്കാൻ നിവൃത്തിയില്ലാതെ നിന്ന സാധുവിന് തന്റെ കൈയിലെ സ്വർണവള ഊരി നൽകിയതും, തെരുവിൽ അലഞ്ഞ വൃദ്ധയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കളെ ഏല്പിച്ചതും അപർണയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ ചിലതുമാത്രം.
കരുത്തിലും ഒരുപടി മുന്നിൽത്തന്നെയാണ് അപർണ. നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ തെക്കനോടി വിഭാഗത്തിൽ ഒന്നാമതെത്തിയത് അപർണ കൂടി തുഴയെറിഞ്ഞ കേരള പൊലീസിന്റെ വനിതാ ടീമായിരുന്നു. 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുൾപ്പെടെ നിരവധി പുരസ്കാരങ്ങളും അപർണയ്ക്ക് ലഭിച്ചിട്ടുണ്ട്.