തൃശൂർ: തോപ്പ് സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 263 പോയിന്റു നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനത്ത്. 167 പോയിന്റോടെ നാപ്റ്റ് തൃശൂർ ടീമാണ് രണ്ടാമത്. 100 പോയിന്റുമായി എക്‌സ്.എൽ അത്‌ലറ്റിക്റ്റിക്‌സ് അക്കാഡമി മൂന്നാം സ്ഥാനത്തുണ്ട്. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ജേക്കബ് മഞ്ഞളി മെമ്മോറിയൽ ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തിൽ പത്ത് റെക്കാഡുകൾ പിറന്നു. ആയിരത്തഞ്ഞൂറിലേറെ കായികതാരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മിക്‌സ്ഡ് റിലേ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇന്ന് വൈകീട്ട് മത്സരം സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. മീന രഘുനാഥ്, സെക്രട്ടറി സ്റ്റാലിൻ റാഫേൽ, പ്രഫ. നാരായണൻ നമ്പൂതിരി, വേണുഗോപാൽ, സോജൻ എന്നിവർ പ്രസംഗിച്ചു.