കൊടുങ്ങല്ലൂർ: കോതപറമ്പിന്റെ കിഴക്ക് ഭാഗം മുതൽ മതിലകം വരെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. മതിലുകളിലും വീടിന്റെ ചുമരുകളിലും പറമ്പിലും ചെറുതും വലുതുമായ ഒച്ചുകൾ പുറ്റ് പോലെ പെരുകിയിരിക്കുകയാണ്. വാഴ, ചേന, വെണ്ട, പയറ് അടക്കം വ്യാപകമായി കൃഷി നശിപ്പിക്കുന്ന ഇവ മുല്ലയടക്കമുള്ള പൂച്ചെടികൾക്കും ഭീഷണിയാണ്.
കഴിഞ്ഞ വർഷവും ഈ ഭാഗത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. അന്ന് കൃഷി വകുപ്പിന് നൽകിയ പരാതിയെ തുടർന്ന് മണ്ണുത്തിയിൽ നിന്ന് വിദഗ്ദ്ധരെത്തി പരിശോധന നടത്തിയെങ്കിലും ഒച്ചിനെ തുരത്താനുള്ള നടപടിയൊന്നും ഉണ്ടായില്ല.
2018 ലെ പ്രളയത്തിന് ശേഷം മറ്റു പ്രദേശങ്ങളിലേക്ക് കൂടി ഒച്ചിന്റെ ശല്യം വ്യാപിച്ചിരിക്കുകയാണ്. ഉപ്പ് ഇട്ട് ഒച്ചിനെ നശിപ്പിക്കാമെങ്കിലും ശല്യം വ്യാപകമായതോടെ ഇത് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ആഫ്രിക്കൻ ഒച്ച് മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.
..............................
പൊല്ലാപ്പായി ഒച്ച്
ഒച്ച് ശല്യം കോതപറമ്പിന്റെ കിഴക്ക് ഭാഗം മുതൽ മതിലകം വരെ
കൃഷിക്കും പൂച്ചെടികൾക്കും ഭീഷണി
2018 ലെ പ്രളയത്തിന് ശേഷം മറ്റു പ്രദേശങ്ങളിലേക്ക് കൂടി ഒച്ചിന്റെ ശല്യം വ്യാപിച്ചു
ഗുരുതര ആരോഗ്യപ്രശ്ന ഭീതിയിൽ നാട്ടുകാർ