തൃശൂർ: കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യുന്നതിനിടെ മൂന്നു വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുറിച്ചിക്കര മാറ്റാംപുറം പുളിക്കാട്ടിൽ ഷിബു കുറ്റക്കാരനെന്ന് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2012 ഫെബ്രുവരി 8ന് അർദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. മാറ്റാംപുറം പുളിക്കാട്ടിൽ, വീട്ടിൽ ഫ്രാൻസിസ് മകൻ ദേവസി (56), ഭാര്യ എൽസി (54), ദേവസിയുടെ മകനായ ഷിബുവിൻ്റെ ഭാര്യ മിനി (37), ഷിബുവിന്റെ മക്കളായ അനീഷ്യ (8), ആൽബിൻ (3) എന്നിവരാണ് മരണപ്പെട്ടത്. മരണപ്പെട്ട എൽസി കാൻസർ രോഗബാധിതയായിരുന്നു.
കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ആനപ്പാറ കോളനിപ്പടിയിലെ റബ്ബർ തോട്ടത്തിലുളള ഷീറ്റ് അടിക്കുന്നതിനും സൂക്ഷിക്കുന്നതിനും നോർത്ത് പറവൂർ കൈതാരം കണ്ണംപുഴ കാളിയാർ വിവേക് ജോയ് ഷിബുവിനെ ഏല്പിച്ചിരുന്നു. റബ്ബർ ഷീറ്റുകൾ ഷിബു സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്ത് ദുരുപയോഗിച്ചതിനെച്ചൊല്ലി വിവേകുമായി വഴക്കിട്ടു. തുടർന്നുണ്ടായ മനോവിഷമത്താലും, സാമ്പത്തിക ബുദ്ധിമുട്ടും മൂലമാണ് കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് മരണപ്പെട്ട ദേവസി കുറിപ്പ് എഴുതി വച്ചിരുന്നു.
ഷിബുവിന്റെ പിതാവായ ദേവസി കൈയിൽ മുറിവുണ്ടാക്കിയ ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയും, എൽസി കൈഞരമ്പ് മുറിച്ചും, ഭാര്യയായ മിനി കോണിപ്പടിയുടെ കൈവരിയിൽ കെട്ടിത്തൂങ്ങിയും മകളായ അനീഷ്യ വിഷം കഴിച്ചും മരിച്ച നിലയിലായിരുന്നു. മൂന്ന് വയസുള്ള മകൻ ആൽബിനെ ഷിബു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കുടുംബാംഗങ്ങൾ കൂട്ട ആത്മഹത്യ ചെയ്തു എന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു. അന്വേഷണം നടത്തി ചോദ്യം ചെയ്തപ്പോഴാണ് ഷിബുവാണ് മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.