തൃപ്രയാർ: നുറുങ്ങു കവിതകളിലൂടെ ജനങ്ങളുടെ മനസും കുട്ടികളുടെ ആരാധനയും നേടിയ കുഞ്ഞുണ്ണി മാഷിന്റെ സ്മാരകം 23ന് ന് സമർപ്പിക്കും. വലപ്പാട് മാഷുടെ തറവാട്ട് സ്ഥലത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സമർപ്പണം നടത്തുകയെന്ന് സ്മാരക സമിതി ചെയർപേഴ്സൺ ഗീതാഗോപി എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയാവും. ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർ നിർവഹിക്കും. സംസ്ഥാന കായകല്പ അവാർഡിന് അർഹമായ തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തെ പിണറായി ആദരിക്കും. കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം രൂപകല്പന ചെയ്ത മരം എൻവയോൺമെന്റൽ ഡിസൈൻ പ്രവർത്തകരെ ജില്ലാ കളക്ടർ എസ്. ഷാനവാസും സ്മാരക നിർമ്മാണ എജൻസ് കോസ്റ്റ്ഫോർഡ് പ്രവർത്തകരെ കേരള സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി മോഹനനും ആദരിക്കും. സ്മാരകത്തിന്റെ നടത്തിപ്പും പരിപാലനവും സാഹിത്യ അക്കാഡമിയാണ് നിർവഹിക്കുകയെന്നും സ്മാരക സമിതി ഭാരവാഹികൾ പറഞ്ഞു. സ്മാരക സമിതി സെക്രട്ടറി വി.ആർ ബാബു, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ, സ്മാരകസമിതി അംഗം സി.കെ ബിജോയ്, ജോസ് താടിക്കാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.