തൃപ്രയാർ: അധികാര തർക്കങ്ങളിലും വിവാദങ്ങളിലും ഇടക്കാലത്ത് നിർമ്മാണം സ്തംഭിച്ച, കവി കുഞ്ഞുണ്ണി മാഷിന്റെ സ്മാരകം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു. പ്രാദേശികമായ സമര പ്രക്ഷോഭങ്ങളാണ് പദ്ധതിക്ക് ജീവൻ നൽകിയത്. ഗീത ഗോപി എം.എൽ.എയുടെ ഇടപെടലാണ് പദ്ധതിക്ക് ഗതിവേഗം കൂട്ടിയത്. വി.എസ് അച്ച്യുതാനന്ദൻ സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും സ്മാരക നിർമ്മാണത്തിനായി സമിതികൾ രൂപീകരിച്ചിരുന്നു. ടി.എൻ പ്രതാപനായിരുന്നു രണ്ട് സമിതികളുടെയും ചെയർമാൻ. എന്നാൽ സ്മാരകത്തിന് ശിലയിടാൻ പോലുമാകാതെ രാഷ്ട്രീയ വിവാദത്തിലായതോടെ, ആദ്യത്തെ സമിതിയും സമരത്തിന്റെ ഭാഗമായി രണ്ടാമത്തെ സമിതിയും രാജിവെച്ചൊഴിഞ്ഞു.
2006ൽ മാഷിന്റെ മരണത്തിന് ശേഷം രണ്ട് വർഷം അനുസ്മരണ സമിതികൾ സജീവമായിരുന്നു. മൂന്നാമത്തെ വർഷം സർക്കാർ പ്രഖ്യാപിച്ച സ്മാരക സമിതി വിവാദത്തിലൊടുങ്ങി. മൂന്നാമത് അനുസ്മരണ ദിനത്തിൽ ഒരു പൂവ് പോലുമിടാൻ ആരുമില്ലാതെ സ്മൃതി കുടീരം അനാഥമായി. പിന്നീട് മാഷിന്റെ ഓർമ്മദിനങ്ങൾ ഗാന്ധിതീരം ഫൗണ്ടേഷനും നാട്ടുകാരും എറ്റെടുത്തു. സ്മാരക നിർമ്മാണം സജീവ ചർച്ചയായി. കെ.പി ശങ്കരൻ, എസ്.കെ വസന്തൻ, അഷ്ടമൂർത്തി, പി.എൻ ഗോപീകൃഷ്ണൻ, സത്യൻ അന്തിക്കാട്, പാർവതി പവനൻ, അശോകൻ ചരുവിൽ തുടങ്ങിയ എഴുത്തുകാർ
പിന്തുണയുമായെത്തി. ഉമ്മൻ ചാണ്ടി വീണ്ടും സ്മാരക സമിതി രൂപീകരിച്ചു. എന്നാൽ നിർമ്മാണം പ്രഖ്യാപനം മാത്രമായി.
സ്മാരകത്തിനായ് വീട്ടുകാർ നൽകിയ ഭൂമി കാടുകയറി. തുടർന്നാണ് പ്രതിഷേധ സമരം ശക്തമായത്. സ്മാരക ഭൂമി വൃത്തിയാക്കി, പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. സ്മാരകത്തിനായി വിട്ടുനൽകിയ ഭൂമി നീർത്തട പരിധിയാലാണെന്നും നിർമ്മാണം സാദ്ധ്യമല്ലെന്നും പറഞ്ഞ് ടി.എൻ പ്രതാപൻ ചെയർമാനായ സമിതി രാജിവെച്ചൊഴിഞ്ഞു. പിന്നീട് ഗീതാഗോപി എം.എൽ.എയായതോടെ പ്രശ്നം ഏറ്റെടുത്തു. സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകി. നിയമസഭയിൽ സബ്മിഷൻ കൊണ്ടുവന്നു. പിണറായി സർക്കാർ ഗീതാഗോപി എം.എൽ.എയെ ചെയർപേഴ്സണാക്കിയും വി.ആർ ബാബു സെക്രട്ടറിയുമായി സ്മാരകസമിതി വീണ്ടും രൂപീകരിച്ചു.
25 ലക്ഷം രൂപ സ്മാരകത്തിനായി സർക്കാർ അനുവദിച്ചു. ഭൂമിയിലെ നിർമ്മാണത്തിനുള്ള നിയമതടസം നീക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സ്മാരക രൂപരേഖ അംഗീകരിച്ച് കോസ്റ്റ്ഫോർഡിന് നിർമ്മാണ ചുമതല കൈമാറി. സ്മാരകം മുഖ്യമന്ത്രി ജനങ്ങൾക്ക് തുറന്നുകൊടുക്കുമ്പോൾ ഒരു മലയാള കവിയുടെ സ്മാരകത്തിനായി ജനങ്ങൾ നടത്തിയ സമരം ഭാഷാചരിത്രത്തിൽ ആദ്യമാകാം. കുഞ്ഞുണ്ണി മാഷ് സ്മാരക ലൈബ്രറി മികച്ച ബാലസാഹിത്യ ഗവേഷണ ലൈബ്രറിയാക്കി മാറ്റുമെന്ന് ഭാരവാഹികൾ പറഞ്ഞു.
25 ലക്ഷം സർക്കാർ ഫണ്ടിന് പുറമെ വലപ്പാട് പഞ്ചായത്തിന്റെ 13 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഗീതാഗോപി എം.എൽ.എ അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ 43 ലക്ഷം രൂപയാണ് സ്മാരക നിർമ്മാണത്തിന് ചെലവഴിച്ചത്. കൂടാതെ ഗവേഷണ ലൈബ്രറിക്കായി അഞ്ച് ലക്ഷം രൂപയും എം.എൽ.എ അനുവദിച്ചിട്ടുണ്ട്.