പഴയന്നൂർ: മദ്യപിച്ച ശേഷം ബില്ലടയ്ക്കാതിരുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ നാല് ജർമൻ ഷെപ്പേർഡ് നായ്ക്കളും വടിവാളുകളുമായി എത്തി ബാർ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ പഴയന്നൂർ രാജ് ബാർ ഹോട്ടലിലാണ് സംഭവം. മൂക്കറ്റം മദ്യപിച്ച രണ്ട് യുവാക്കൾ ബിൽ തുകയായ 950 രൂപ നൽകാൻ പണമില്ലെന്ന് പറഞ്ഞതോടെ ബാറിലെ സപ്ലൈയർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. സ്ഥലംവിട്ട യുവാക്കൾ രാത്രി നായ്ക്കളുമായി തിരിച്ചെത്തി വൻഅക്രമം അഴിച്ചുവിടുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് പഴയന്നൂർ സ്വദേശികളായ യുവാക്കൾ ബാറിലെത്തിയത്. രാത്രി 9 മണി വരെ മദ്യപിച്ചു. 950 രൂപയായിരുന്നു ബിൽ തുക. പണമാവശ്യപ്പെട്ടപ്പോൾ കയ്യിലില്ലെന്നായിരുന്നു മറുപടി. ഇതോടെ സപ്ലൈയർ ഇവരുടെ ഫോൺ വാങ്ങിയ ശേഷം പണം തന്നാലേ തിരികെ നൽകൂ എന്നു പറഞ്ഞു. ഒന്നും മിണ്ടാതെ പുറത്തേക്കുപോയ യുവാക്കൾ പത്തേമുക്കാലോടെ തിരിച്ചെത്തി. കയ്യിൽ വടിവാളുകളും 4 ജർമൻ ഷെപ്പേർഡ് നായ്ക്കളുമായിട്ടായിരുന്നു വരവ്. റസ്റ്റോറന്റിന്റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ലോക്കൽ ബാറിനുള്ളിൽ വടിവാൾ വീശി ആൾക്കാരെ ഓടിച്ചു. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത് വധഭീഷണി മുഴക്കി. നായ്ക്കൾ കുരച്ച് ആളുകളെ കടിക്കാനാഞ്ഞു. ഇവയെ കണ്ട് പേടിച്ച് ബാർ ജീവനക്കാരും ബാറിലെത്തിയവരും ഇറങ്ങിയോടി. ബാറിലെ ജീവനക്കാരായ ഇ.ടി. കൃഷ്ണൻകുട്ടി (45), രാധാകൃഷ്ണൻ (55), ഒറീസ സ്വദേശിയായ സുഭാഷ് (45) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പഴയന്നൂർ പൊലീസ് എത്തുമ്പോഴേക്കും യുവാക്കൾ രക്ഷപ്പെട്ടു. നായ്ക്കളെ പരിശീലിപ്പിക്കാൻ പഴയന്നൂരിലെത്തിയവരാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ബാർ മാനേജർ വേണു പറഞ്ഞു. യുവാക്കളുടെ അക്രമ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.