പരിയാരം: കൊന്നക്കുഴി ഗവ. എൽ.പി സ്‌കൂളിന് ഭീഷണിയായി പ്രവേശന കവാടത്തിൽ നിന്നിരുന്ന പാഴ്മരങ്ങൾ മുറിച്ചു നീക്കി. നിരവധി തവണ പരാതി നൽകിയതിനു ശേഷം ശനിയാഴ്ചയാണ് പഞ്ചായത്ത് അധികൃതർ രണ്ടു വലിയ മരങ്ങൾ മുറിച്ചു നീക്കിയത്. സമീപം കൂടി കടന്നുപോകുന്ന 11 കെ.വി ലൈൻ ഓഫ് ചെയ്തശേഷം അവശേഷിക്കുന്ന മറ്റൊരു മരം തിങ്കളാഴ്ച മുറിക്കും.
മരങ്ങൾ വളർന്നു വലുതായപ്പോൾ സ്‌കൂളിന്റെ മതിൽ പൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന അവസ്ഥയിലായിരുന്നു. അപകടം വിളിച്ചു വരുത്തുന്ന മരങ്ങളുടെ നിൽപ്പിനെക്കുറിച്ച് കേരളകൗമുദിയിൽ ഏതാനും ദിവസം മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇടിഞ്ഞു നിൽക്കുന്ന മുൻഭാഗത്തെ മതിൽ ഉടൻ പുതുക്കിപ്പണിയുമെന്ന് പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് പറഞ്ഞു.