കൊടുങ്ങല്ലൂർ: നഗരത്തെ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് ചുറ്റുമുള്ള റിംഗ് റോഡിൽ കാമറകൾ സ്ഥാപിച്ചു. വടക്കെ നടയിലും തെക്കെ നടയിലും പടിഞ്ഞാറെ നടയിലും, കിഴക്കെ നടയിലും അശ്വതി ജംഗ്ഷനിലും അടക്കം അഞ്ച് ക്ലോക്ക് ടവറുകളിലായി 17 കാമറകൾ സ്ഥാപിച്ചതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ കോൺട്രാക്റ്ററും വ്യവസായിയുമായ ബാലു ചുങ്കത്തിന്റെ സ്പോൺസർഷിപ്പിലാണ് കാമറ സ്ഥാപിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഈ കാമറകളിൽ രാത്രിയിലുള്ള ദൃശ്യങ്ങളും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ലഭിക്കും. ഇതിന്റെ നിയന്ത്രണം പൊലീസിന് എപ്പോഴും മോണിറ്റർ ചെയ്യാവുന്ന വിധത്തിൽ കൺട്രോൾ റൂമിലേയ്ക്ക് ബന്ധിപ്പിച്ചു. ദൃശ്യങ്ങൾ ഒരു മാസത്തിലേറെ റെക്കാഡ് ചെയ്യാം. ദൃശ്യങ്ങൾ സൂം ചെയ്ത് എടുക്കാം. ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം സെപ്തം. 24 ന് വൈകീട്ട് അഞ്ചിന് വടക്കെ നടയിൽ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ നിർവഹിക്കും. സ്പോൺസർ ബാലു ചുങ്കത്തിനെ ആദരിക്കും.