തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെ വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനം, വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം ഉദ്ഘാടനം, പെരിഞ്ഞനം പഞ്ചായത്ത് സോളാർ പദ്ധതി ഉൾപ്പെടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനം, കണ്ണാറ അഗ്രോപാർക്ക് ബനാന ആൻഡ് ഹണി ഫാം ഉദ്ഘാടനം, പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം ഇയേർലി ഇന്റർവെൻഷൻ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി നിർവഹിക്കുക. രാവിലെ 10 ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ശിലാസ്ഥാപനം. 10.30 നാണ് വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം മുഖ്യമന്ത്രി നാടിന് സമർപ്പിക്കുക. പെരിഞ്ഞനം പഞ്ചായത്തിലെ 12 വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. കണ്ണാറ ബനാന ആൻഡ് ഹണി പാർക്ക് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനാണ് പെരിങ്ങണ്ടൂരിൽ പോപ്പ് പോൾ മേഴ്‌സി ഹോം ഇയേർലി ഇന്റർവെൻഷൻ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം നിർവഹിക്കുന്നത്.