balavakasacommision
..

അന്തിക്കാട് : നിയമങ്ങൾ ഒട്ടേറെയുണ്ടെങ്കിലും കുട്ടികൾ ഇപ്പോഴും ചൂഷണത്തിന് വിധേയമാകുന്നത് ആശങ്കയുളവാക്കുന്നതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. 'വിജ്ഞാന സമസ്യ ' ക്വിസിന്റെ സംസ്ഥാന തല ഉദ്ഘാടനം ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ ദൈവത്തെ കാണുന്ന സംസ്കാരമാണ് കേരളത്തിൽ. ഉത്തരേന്ത്യയിൽ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ തൊഴിൽ മേഖകളിലേക്ക് പോകാൻ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക മഹോത്സവം ബ്രെയിൻ സ്റ്റോം 2കെ19 - മേധാശക്തിയുടെ കൊടുങ്കാറ്റ് എന്ന് പേരിട്ട ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്. ഗ്രാൻഡ് മാസ്റ്റർ ഡോ. ജി.എസ് പ്രദീപ് നേതൃത്വം നൽകി. മേഖലാമത്സരത്തിലെ വിജയികൾ ഗ്രാൻഡ് ഫൈനലിൽ മാറ്റുരയ്ക്കും. വിജയികൾക്ക് കാഷ് അവാർഡ്, പ്രശസ്തിപത്രം, ശിൽപ്പം എന്നിവ സമ്മാനിച്ചു. മത്സരത്തിൽ ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകരയിലെ മിർസ സജിത്ത് ഒന്നാം സ്ഥാനവും, ജി.എം.എം ജി.എച്ച്.എസ്.എസ് പാലക്കാടിലെ മധുമിത ഹരിദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അടുത്ത സോണൽ മത്സരം കൊല്ലം ജില്ലയിലെ അഞ്ചലിൽ ഒക്ടോബർ 5 ന് നടക്കും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൻ പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.