തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടി നയിച്ച ഐക്യമുന്നണിയുടെ കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് 47 വർഷം. അഴീക്കോടൻ ദിനാചരണത്തിൻ്റെ ഭാഗമായി വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രൊഫ: സി. രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ ബാലൻ, പി.കെ ബിജു, എം.കെ കണ്ണൻ, ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് എന്നിവർ പങ്കെടുക്കും. രാവിലെ 8ന് ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പതാക ഉയർത്തും. അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. മൂന്നിന് തൃശൂർ ശക്തൻ സ്റ്റാൻഡ്, പാലസ് റോഡ് പരിസരത്ത് നിന്ന് റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. നാലിന് തൃശൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ നിന്നും പ്രകടനം ആരംഭിച്ച് ചെട്ടിയങ്ങാടി- കുറുപ്പം റോഡ് വഴി റൗണ്ടിൽ പ്രവേശിച്ച് മണികണ്ഠനാൽ ഗേറ്റിലൂടെ മൈതാനത്ത് പ്രവേശിക്കും...