മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ ചെസ് അസോസിയേഷനുമായി ചേർന്ന് 200 ഓളം പേർ പങ്കെടുത്ത ടൂർണമെന്റ് നടത്തിയത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കൂടാതെ പൊതു വിഭാഗത്തിലും മത്സരം നടന്നു. 25,000 രൂപയുടെ കാഷ് സമ്മാനവും മെഡലുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും അടക്കമുള്ളവയാണ് വിജയികൾക്ക് നൽകിയത്.
ടൂർണമെന്റിന്റെ ഉദ്ഘാടനം മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് നിർവഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക പി. ലേഖ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധ ഭാസ്കരൻ, പി. ജയചന്ദ്രൻ, കെ. മധു, പ്രസാദ് സുബ്രഹ്മണ്യം, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ യൂത്ത് ടീമിന്റെയും റെയിൽവേയുടെയും ചെസ് പരിശീലകൻ ടി.ജെ സുരേഷ് കുമാർ സമ്മാനം വിതരണം ചെയ്തു.