ചാലക്കുടി: വിനോദ സഞ്ചാര മേഖലയിൽ അതിരപ്പിള്ളിക്ക് മുതൽക്കൂട്ടാകുന്ന കെ.ടി.ഡി.സി യാത്രി നിവാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അഞ്ചു നിലകളിലെ കെട്ടിടം നാലുമാസത്തിനകം ഉദ്ഘാടനത്തിന് സജ്ജമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് കോടി രൂപ ചെലവിൽ ടൂറിസം വകുപ്പാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്.

ഫർണിഷിംഗ് ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒരുമാസത്തിനകം പൂർത്തീകരിക്കും. തുടർന്നുള്ള രണ്ടാംഘട്ട നിർമ്മാണത്തിന് പ്രൊജക്ട് തയ്യാറാക്കി അധികൃതർക്ക് നൽകിയിട്ടുണ്ട്. കോൺഫറൻസ് ഹാൾ അടങ്ങുന്ന ആറാം നില, ലിഫ്റ്റ്, അനുബന്ധ സൗകര്യം എന്നിവയ്ക്കായി മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശീതീകരിച്ചത് ഉൾപ്പെടെ 60 മുറികൾ, റസ്റ്റോറന്റ് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മുൻഭാഗത്ത് പ്രവർത്തിച്ചിരുന്ന കെ.ടി.ഡി.സിയുടെ ആരാം ഹോട്ടൽ നിലനിറുത്തിയാണ് പുതിയ സൗധം പൂർത്തിയാക്കുന്നത്. ഹോട്ടലും റിസപ്ഷനും പഴയ കെട്ടിടത്താലാകും പ്രവർത്തിക്കുക. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ബി.ഡി. ദേവസി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാലയും ഉണ്ടായിരുന്നു.

യാത്രി നിവാസ്

യാത്രി നിവാസിന് ആകെ ആറ് നിലകൾ

5 നിലകളുടെ നിർമ്മാണത്തിന് 5 കോടി ചെലവ്

ആറാം നില നിർമ്മാണം രണ്ടാം ഘട്ടത്തിൽ

ആറാം നില നിർമ്മാണത്തിന് 3 കോടി

കെട്ടിടത്തിൽ 60 മുറികളും റസ്റ്റോറന്റും