തൃപ്രയാർ: മാരകലഹരി മരുന്നുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി തറയിൽ വീട്ടിൽ ബാബു മകൻ വിഷ്ണുവാണ് അറസ്റ്റിലായത്. എം.ഡി.എം.എ വിഭാഗത്തിൽപെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള 1.19 ഗ്രാം മയക്കുമരുന്ന് ഇയാളിൽ നിന്നും കണ്ടെടുത്തു. എടമുട്ടം പാലപ്പെട്ടി ബീച്ച് റോഡിൽ വാഹനപരിശോധനയ്ക്കിടെ ന്യൂജനറേഷൻ ബൈക്കിൽ എക്സൈസ് പാർട്ടിയെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ സാഹസികമായാണ് പിടികൂടിയത്. എം.ഡി.എം.എ വിഭാഗത്തിൽപെടുന്ന മയക്കുമരുന്ന് ഒരു ഗ്രാം കൈവശം വയ്ക്കുന്നതു പോലും ജാമ്യം കിട്ടാത്ത കുറ്റമാണ്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്ന ഡ്രഗ് ആണിത്. 5,000 രൂപയ്ക്ക് ആവശ്യക്കാരന് കൈമാറാൻ പോകുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്. വിവിധ ക്ഷേത്രങ്ങളിൽ ശാന്തി പണി ചെയ്തിരുന്ന പ്രതി നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ്. വാടാനപ്പിള്ളി എക്സൈസ് ഇൻസ്പെക്ടർ ടി.ആർ രാജേഷ്, ഉദ്യോഗസ്ഥരായ ആന്റണി റോയ്, എ.ബി സുനിൽകുമാർ, സോണി കെ ദേവസി, കലാദാസ്, അനുരാജ്, അബ്ദുൾ നിയാസ് ടി.കെ, ലീസ നീതു, ഷമീർ, ഗണേശൻ പിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്...