തൃശൂരിൽ സന്തോഷ് ട്രോഫി ഫുട്ബാൾ താരങ്ങളുടെ ഒത്തുചേരൽ
തൃശൂർ : കാൽപ്പന്തുകളിയിലെ മാസ്മരിക പ്രകടനം കൊണ്ട് മലയാളികളെ ത്രസിപ്പിച്ച ഫുട്ബാൾ മാന്ത്രികർ ഒരിക്കൽ കൂടി ഒത്തുകൂടി. ഓർമ്മകൾ പങ്കുവച്ചും സൗഹൃദമത്സരം സംഘടിപ്പിച്ചും ഓർമ്മകളുടെ ഗോൾപോസ്റ്റിലേക്ക് അവർ തുരുതുരാ പന്തടിച്ചു കയറ്റി.
1960 മുതൽ സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിനായി രാജ്യത്തിന്റെ വിവിധ മൈതാനങ്ങളിൽ സ്വപ്‌നതുലമായ പ്രകടനങ്ങൾ കാഴ്ച്ചവച്ചവരാണ് തൃശൂരിൽ കൂടിച്ചേർന്നത്. സന്തോഷ് ട്രോഫി ഫുട്‌ബോൾ പ്ലെയേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള എന്ന സംഘടനയ്ക്കും അവർ രൂപം നൽകി.
ഹാർവെസ്റ്റേഴ്‌സ് ഒഫ് ഹാപ്പിനസ് എന്ന പേരിൽ തൃശൂർ ബാനർജി ക്ലബിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ജിവീച്ചിരിക്കുന്നവരിൽ മുതിർന്ന താരമായ ഡോ. രാജഗോപാൽ മുതൽ ഇന്ന് കളിക്കുന്നവരൊഴിച്ചുള്ള സന്തോഷ് ട്രോഫി ഫുട്ബാൾ താരങ്ങൾ രജിസ്റ്റർ ചെയ്തു. യോഗത്തിൽ 120 താരങ്ങൾ പങ്കെടുത്തു. സ്വയം പരിചയപ്പെട്ടും അനുഭവങ്ങൾ പങ്കുവച്ചും അവർ മൈതാനങ്ങളിലേക്ക് ഒരിക്കൽ കൂടി തിരിച്ചു പോയി. വിക്ടർ, വില്യംസ്, യു. ഷറഫലി, തോബിയാസ്, കുരുകേശ് മാത്യു, കെ.ടി ചാക്കോ, സി.വി പാപ്പച്ചൻ, ഐ.എം വിജയൻ, ജോ പോൾ അഞ്ചേരി, എൻ.പി പ്രദീപ്, സി.കെ ജയചന്ദ്രൻ, എൻ. ശ്യാം, ഹരിദാസ്, വി.പി ഷാജി, പി.എസ് അശോകൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റായി ജോസ് പി. അഗസ്റ്റ്യനെയും (എറണാകുളം), സെക്രട്ടറിയായി കെ. അബ്ദുൾ റഷീദിനെയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. കെ. അഷറഫാണ് (കോഴിക്കോട്) ട്രഷറർ. ഐ.എം വിജയൻ അംബാസഡറായി പ്രവർത്തിക്കും.
മറ്റു ഭാരവാഹികൾ: ബാലചന്ദ്രൻ - കണ്ണൂർ, എം.എം ജേക്കബ് - എറണാകുളം, സി.എം രഞ്ജിത് -തമിഴ്‌നാട്, പി.പി തോബിയാസ് - തിരുവനന്തപുരം, ജോ പോൾ അഞ്ചേരി- തൃശൂർ (വൈസ് പ്രസിഡന്റുമാർ). എൻ. മോഹനൻ- കണ്ണൂർ, ബി.എസ് ഹർഷൻ - തിരുവനന്തപുരം, സി.കെ ജയചന്ദ്രൻ - കോഴിക്കോട്, മാർട്ടിൻ മാത്യു - തൃശൂർ, ടി. ഹമീദ് - മലപ്പുറം (ജോയിന്റ് സെക്രട്ടറിമാർ). കൂടാതെ 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രധാനമായും ഫുട്‌ബാൾ താരങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചാണ് സംഘടന രൂപീകരിച്ചത്. വൈകിട്ട് കോർപറേഷൻ സിന്തറ്റിക് ടർഫ് മൈതാനിയിൽ പ്രദർശനമത്സരവും നടത്തിയാണ് പിരിഞ്ഞത്.